നികുതി ഭാരവും വിലക്കയറ്റവുമില്ല; ഐസക്കിന്റെ തിരഞ്ഞെടുപ്പ് ബജറ്റ്

    തിരുവനന്തപുരം: നികുതി ഭാരങ്ങളും വിലക്കയറ്റവുമില്ലാതെ സാധാരണക്കാര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കി ഇടതു സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ്. സംസ്ഥാന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപന പെരുമഴയാണ് നിയമസഭയില്‍ നടത്തിയത്.

    ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തിയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചും കാര്‍ഷികവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചും സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുന്ന ബഡ്ജറ്റായിരുന്നു തോമസ് ഐസക്കിന്റേത്. അഞ്ച് വര്‍ഷംകൊണ്ട് ഇരുപത് ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ഇതെല്ലാം പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുമോയെന്നാണ് കണ്ടറിയേണ്ടതെന്നാണ് ജനം പറയുന്നത്.

    മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കാനുളള പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുണ്ടായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്നാണ് ധനമന്ത്രി തന്റെ ബഡ്ജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ അവകാശപ്പെട്ടത്. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബഡ്ജറ്റിലൂടെ ലക്ഷ്യമിട്ടത്. കൊവിഡ് കാലമുണ്ടാക്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം നിറഞ്ഞ പുലരിയെ തിരിച്ചെത്തിക്കാന്‍ പ്രയത്‌നിക്കുന്ന ലോകത്തെ കുറിച്ച് പാലക്കാട് കുഴല്‍മന്ദം ജി എച്ച് എസിലെ സ്‌നേഹ എന്ന വിദ്യാര്‍ത്ഥിനിയുടെ കവിത ഉദ്ധരിച്ചാണ് ധനമന്ത്രി തിരഞ്ഞെടുപ്പ് ബഡ്ജറ്റിന് ആരംഭം കുറിച്ചത്.

    കെ എസ് എഫ് ഇയുടെ സഹായത്തോടെ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ച് വീട്ടമ്മമാര്‍ മുതല്‍ ഡി എ കുടിശിക നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വരെ ഐസക്ക് തന്റെ ബഡ്ജറ്റിലൂടെ ചേര്‍ത്തുപിടിച്ചു. കുടുംബശ്രീകള്‍ക്ക് അടക്കം വാരിക്കോരി പണം നല്‍കിയ ധനമന്ത്രി തന്റെ ബഡ്ജറ്റിനെ ഒരേസമയം പരിസ്ഥിതി സൗഹാര്‍ദവും സ്ത്രീ സൗഹാര്‍ദവുമാക്കി.

    എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വര്‍ദ്ധിപ്പിച്ച് 1600 രൂപയാക്കിയത് വലിയ ചലനമാകും സാധാരണക്കാര്‍ക്കിടയില്‍ സൃഷ്ടിക്കുക. ഏപ്രില്‍ മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെന്‍ഷന്‍ 1500 രൂപ ആക്കിയത്. ഇതാണ് ഈ ബഡ്ജറ്റില്‍ വീണ്ടും വര്‍ദ്ധിപ്പിച്ചത്. ഭക്ഷ്യ കിറ്റുകള്‍ തുടരുന്നതിനോടൊപ്പം അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് പത്ത് കിലോ അരി കൂടി നല്‍കാനുളള തീരുമാനം കൂടിയെടുക്കുക വഴി തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനമാണ് നിയമസഭയിലും എല്‍ ഡി എഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം.

    പ്രവാസി ചിട്ടിയും പെന്‍ഷനും മറ്റ് ക്ഷേമ പദ്ധതികളുമെല്ലാം പ്രവാസി വോട്ടുകളിലേക്കും സര്‍ക്കാര്‍ കണ്ണ് വയ്ക്കുന്നുവെന്നതിന്റെ സൂചനയാണ്. കൊവിഡ് ആയതോടെ ധാരാളം പ്രവാസികളാണ് സംസ്ഥാനത്ത് ജോലി നഷ്ടപ്പെട്ടും മറ്റും എത്തിച്ചേര്‍ന്നിട്ടുളളത്. നിലവിലെ സാഹചര്യത്തില്‍ നല്ലൊരു ശതമാനം വരുന്ന പ്രവാസികളെ ഒഴിവാക്കി കൊണ്ട് സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ല.