ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ വര്‍ധിക്കും; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസം മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെന്നപോലെ ശമ്പള കുടിശിക 3 ഗഡുക്കളായി പിന്നീട് നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

2 ഡിഎ ഗഡുക്കള്‍ ജീവനക്കാര്‍ക്ക് കുടിശികയായി ഉണ്ട്. 2021 ഏപ്രില്‍ മാസം മുതല്‍ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു 2021 ഒക്ടോബറിലും നല്‍കും. കുടിശിക പിഎഫില്‍ ലയിപ്പിക്കും. മെഡിസെപ്പ് 2021-22 ല്‍ നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍ നല്‍കും. 2021-22ല്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കാന്‍ ശ്രമിക്കും.

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വര്‍ഷത്തില്‍ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. തൊഴില്‍സേനയില്‍നിന്ന് പുറത്തു പോകുമ്പോള്‍ ഈ തുക പൂര്‍ണമായും അംഗത്തിന് ലഭിക്കും.

മറ്റ് പെന്‍ഷനുകള്‍ ഇല്ലാത്ത അംഗങ്ങള്‍ക്ക് 60 വയസ്സു മുതല്‍ പെന്‍ഷന്‍ നല്‍കും. ഇനി മുതല്‍ ഫെസ്റ്റിവല്‍ അലവന്‍സും ക്ഷേമനിധി വഴി നല്‍കും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകും.

നിലവില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ 13-14 ലക്ഷം പേരാണ് ജോലി എടുക്കുന്നത്. ശരാശരി 50-55 തൊഴില്‍ ദിനങ്ങളാണ് ഇവര്‍ക്ക് ലഭ്യമാകുന്നത്. 2021-22ല്‍ 4057 കോടിരൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കലെന്നും മന്ത്രി പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആകെ അടങ്കല്‍ 200 കോടി രൂപയായി ഉയര്‍ത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു