ഏറ്റവും വേഗത്തിൽ വളരുന്ന ടെക് ഹബ്ബായി ബെംഗളുരു, രണ്ടാമത് ലണ്ടൻ; മുംബൈയ്ക്ക് ആറാം സ്ഥാനം

ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബെംഗളുരു, ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ‘ഐ.ടി ഹബ്ബു’കളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജനുവരി 14 ന് ലണ്ടൻ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഐ.ടി ഹബ്ബുകളിൽ ബെംഗളുരു ഒന്നാം സ്ഥാനത്തെത്തിയത്.  ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈ ഈ പട്ടികയിൽ ആറാം സ്ഥാനത്താണ്. 2016 മുതലാണ് യൂറോപ്യൻ നഗരങ്ങളായ ലണ്ടൻ, മ്യൂണിച്ച്, ബെർലിൻ, പാരീസ് എന്നിവയ്ക്കൊപ്പം ബെഗളുരുവും ഐ.ടി രംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു തുടങ്ങിയത്.

ബെംഗളൂരുവിലെ നിക്ഷേപം 2016 ൽ 1.3 ബില്യൺ ഡോളറായിരുന്നത്5.4 മടങ്ങ് വർധിച്ച്  2020 ൽ 7.2 ബില്യൺ ഡോളറായെന്ന് ഡീൽറൂം.കോ ഡാറ്റ വിശകലനം ചെയ്തുകൊണ്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ ലണ്ടൻ ആൻഡ് പാട്ണേഴ്സ് വ്യക്തമാക്കുന്നു.മുംബെയിൽ ഐ.ടി നിക്ഷേപം  0.7 ബില്യൺ ഡോളറിൽ നിന്ന് 1.2 ബില്യൺ ഡോളറായി വർധിച്ചെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുയ

അതേസമയം, 2016 നും 2020 നും ഇടയിൽ ലണ്ടൻ മൂന്ന് മടങ്ങ് വളർച്ച രേഖപ്പെടുത്തി, 3.5 ബില്യൺ ഡോളറിൽ നിന്ന് 10.5 ബില്യൺ ഡോളറായാണ് വർധിച്ചത്.

ലോകത്തെ ടെക് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് (വിസി) നിക്ഷേപങ്ങളിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു, ആഗോള പട്ടികയിൽ ബീജിംഗ്, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഷാങ്ഹായ്, ലണ്ടൻ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ലോക റാങ്കിംഗിൽ മുംബൈ 21-ാം സ്ഥാനത്താണ്.