ഡോളര്‍ കടത്ത്: ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രോട്ടോക്കോള്‍ ഓഫിസർക്ക് കസ്റ്റംസ് നോട്ടിസ്

കൊച്ചി: സംസ്ഥാന പ്രോട്ടക്കോള്‍ ഓഫിസറോട് ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കി. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴികളാണ് ചോദ്യം ചെയ്യലിന് ആധാരം. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് നയതന്ത്രപ്രതിനിധികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് പ്രോട്ടോക്കോള്‍ ഓഫിസര്‍ നല്‍കി എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളില്‍ ഒരാളെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. എന്നാല്‍ ഇദ്ദേഹത്തിന് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയെന്നു കണ്ടെത്തിയിരുന്നു.

നേരത്തെ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്. ഹരികൃഷ്ണനെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഇദ്ദേഹത്തെ കസ്റ്റംസ് അന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോള്‍ മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ ഉപയോഗിച്ചെന്നും ചൂണ്ടിക്കാണ്ടി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.