പുതിയ ‘സാംസങ്’ ഫോണിന്റെ പരസ്യത്തിൽ ഉപയോഗിച്ചത് ‘ഐഫോൺ’; പരിഹസിച്ച് ട്രോളൻമാർ

ആൻഡ്രോയിഡ് ഫോൺ നിർമാണ കമ്പനിയായ  സാംസങിന്  പരസ്യം നൽകിയപ്പോൾ സംഭവിച്ച പിഴവ് ആഘോഷമാക്കി സോഷ്യൽ മീഡിയ. സാംസങ് അവരുടെ ഏറ്റവും പുതിയ ഫോൺ ആയ ഗ്യാലക്സി എസ് 21 ന്റെ ലോഞ്ചിന് മുന്നോടിയായി ട്വിറ്ററിൽ ഒറു പോളിംഗ് നടത്തിയിരുന്നു. ഇതിനായി ഉപയോഗിച്ചതാകട്ടെ ഐ ഫോണും. ഇതേത്തുടർന്ന് വൻ ട്രോളുകളാണ് ദക്ഷിണ കൊറിയൻ സ്മാർട് ഫോൺ നിർമാതാക്കളായ സാംസങിന് എതിരെ പ്രചരിക്കുന്നത്.

അതേസമയം പോൾ  ട്വീറ്റു ചെയ്യാൻ സാംസങ്ങിന്റെ ഔദ്യോഗിക അക്കൗണ്ട് ആപ്പിളിന്റെ ഐഫോൺ ഉപയോഗിച്ചത് ‘മാർക്കറ്റിങ് തന്ത്രം’ എന്നാണ് ഒരുവിഭാഗം പറയുന്നത്.

ഗ്യാലക്‌സി എസ് 21 സ്മാർട് ഫോണിന്റെ ഇവന്റ് പ്രൊമോട്ട് ചെയ്യാൻ സാംസങ് ആപ്പിളിന്റെ ഐഫോൺ ആണ് ഉപയോഗിച്ചതെന്ന്  ട്വിറ്റർ ഉപയോക്താക്കൾ തന്നെയാണ് കണ്ടെത്തിയത്. സാംസങ് മൊബൈൽ യുഎസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പോസ്റ്റുചെയ്തത്. ട്വീറ്റിന് താഴെ ‘Twitter for iPhone written’ ചേർ‌ത്തിരുന്നു.

സാംസങ് ജീവനക്കാർ പോലും ഐഫോണാണ് ഉപയോഗിക്കുന്നതെന്നാണ് ട്രോളൻമാർ പറയുന്നത്. ‘ആപ്പിൾ സാംസങ് ഉപയോഗിക്കുന്നു, സാംസങ് ആപ്പിൾ ഉപയോഗിക്കുന്നു’. ആപ്പിൾ സാംസങിൽ നിന്നാണ് ഐഫോൺ പാർട്സ് വാങ്ങുന്നത്. എന്നിങ്ങനെയും ട്രോളുകളുണ്ട്.നേരത്തെയും പല ബ്രാൻഡ് അംബാസഡർമാരും ഐഫോണിൽ നിന്ന് ട്വീറ്റ് ചെയ്ത് അബദ്ധത്തിൽപെട്ടിട്ടുണ്ട്. 2013 ൽ ടെന്നീസ് താരം ഡേവിഡ് ഫെറർ തന്റെ ഗാലക്സി എസ് 4 നെക്കുറിച്ച് പ്രശംസനീയമായ ട്വീറ്റ് ചെയ്യാൻ ഐഫോൺ ഉപയോഗിച്ചു. മുൻ ടി-മൊബൈൽ സിഇഒ ജോൺ ലെഗെരെ ഗാലക്സി നോട്ട് 3 നെ പ്രശംസിച്ചുള്ള ട്വീറ്റും ഐഫോണിൽ നിന്നായിരുന്നു.