വരുമാനം ഉയരുന്നില്ല, കടം പെരുകുന്നു’; സംസ്ഥാനത്തിന് പബ്ലിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയുടെ മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനം ഗുരുതര കടക്കെണിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. കടക്കെണിയില്‍ നിന്നും രക്ഷ നേടാന്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയോ ശമ്പളത്തിനും പെന്‍ഷനുമായുള്ള ചെലവ് കുറയ്ക്കുകയോ ചെയ്യണമെന്നും സമിതി നിര്‍ദേശിച്ചു. സമിതി ധനമന്ത്രി ടി.എം. തോമസ് ഐസക്കിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു.

    കഴിഞ്ഞ 7 വര്‍ഷത്തെ കണക്കനുസരിച്ച് റവന്യു ചെലവില്‍ 13.34 %  വര്‍ധനയുണ്ടായപ്പോള്‍ റവന്യു വരുമാന വളര്‍ച്ച 10% മാത്രമാണ്. ഓരോ വര്‍ഷവും ശമ്പളച്ചെലവ് 10% വീതം വര്‍ധിക്കുകയാണ്. പലിശച്ചെലവ് 15 ശതമാനവും പെന്‍ഷന്‍ ചെലവ് 12 ശതമാനവും കൂടുന്നു.

    കടമെടുപ്പു പരിധി ജിഡിപിയുടെ 3 ശതമാനത്തിനുള്ളില്‍ നിര്‍ത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പൊതുകടം രണ്ടര ലക്ഷം കോടി കവിഞ്ഞു. 14.5% വീതം ഓരോ വര്‍ഷവും കടം വര്‍ധിക്കുകയാണ്. ജനങ്ങളുടെ നിക്ഷേപവും മറ്റും കൈകാര്യം ചെയ്യുന്ന പബ്ലിക് അക്കൗണ്ടില്‍ 77,397 കോടിയുടെ ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

    ബാധ്യതയും കടവുമുള്ളപ്പോള്‍ പബ്ലിക് അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനു പ്രത്യേക സംവിധാനം ഒരുക്കണം. റവന്യു ചെലവിന്റെ 60.88% തുകയും പെന്‍ഷനും ശമ്പളവും പലിശയും നല്‍കാന്‍ ചെലവഴിക്കുകയാണിപ്പോള്‍. അതുകൊണ്ടു തന്നെ വികസന പദ്ധതികള്‍ക്ക് പണം തികയുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

    പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളില്‍ കുറവു വരുത്തിയാലേ കടം നിയന്ത്രിക്കാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.