‘ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം ക്ഷേമ വകുപ്പായി; സിമി പശ്ചാത്തലമുള്ളയാൾ വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നു: മന്ത്രി ജലീലിനെതിരെ കത്തോലിക്ക മുഖപത്രം

    തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക മുഖപത്രമായ ദീപക. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഫലത്തിൽ മുസ്‌ലിം ക്ഷേമ വകുപ്പായി പ്രവർത്തിക്കുക്കുകയാണെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രി, സെക്രട്ടറി, കമ്മീഷൻ ചെയർമാൻ, അംഗം, ഉദ്യോഗസ്ഥർ എല്ലാം മിക്കവാറും ഒരു സമുദായത്തിൽ പെട്ടവർ. എന്തേ ഇങ്ങനെ എന്നോ പോലും ചോദിക്കാൻ ആരുമില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രി തന്‍റെ മതേതര സ്വഭാവത്തെക്കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് സർക്കാർ ചെലവിൽ ഖുറാൻ വിതരണം വരെ നടത്തുന്നു. എല്ലാം മതേതരത്വം. മദ്രസകൾക്ക് അദ്ദേഹം വാരിക്കോരി നല്കിയ സർക്കാർ സഹായങ്ങളും എല്ലാവരെയും അന്പരപ്പിക്കുന്ന വിധമായി. എന്നിട്ടും ഞങ്ങൾക്കുകൂടി തരണം എന്നുപോലും ആരും വായ് തുറക്കുന്നില്ല. കാരണം അവർ അത്ര സ്ട്രോംഗാണ്. ഏതു ഭരണകാലത്തും പിടിക്കുന്നിടത്തു കെട്ടുമെന്നും ലേഖനത്തിൽ വിമർശിക്കുന്നു.

    ദീപിക പ്രസിദ്ധീകരിച്ച ‘എവിടെയായിരുന്നു നിങ്ങൾ?’ എന്ന ലേഖനത്തിലാണ് ജലീലിനെ കടന്നാക്രമിക്കുന്നത്. സ്വർണക്കള്ളക്കടത്തു കേസിൽ പലവട്ടം ചോദ്യം ചെയ്തപ്പോൾ മന്ത്രി കെ.ടി. ജലീൽ താൻ പാണക്കാട് തങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്നു വെല്ലുവിളിച്ചത് രക്ഷപ്പെടാൻ വേണ്ടി മാത്രമായിരുന്നില്ല. സിമി മുൻ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

    കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സർക്കാർ നടപ്പാക്കുന്നില്ലെന്നും ലേഖനത്തിൽ വിമർശനമുണ്ട്. ലോകത്താകെ പടരുന്ന ഇസ്‌ലാമോഫോബിയയുടെ വേരുകൾ കേരളത്തിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നെന്നും ലേഖനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും മുസ്ലീംലീഗിനെയും കോൺഗ്രസ് നേതാക്കളെയും വിമർശിക്കുന്ന ലേഖനം, ന്യൂനപക്ഷത്തിന് എതിരായ നടപടികളെ ബി.ജെ.പി ചോദ്യം ചെയ്യുമെന്നും പറയുന്നു.

    “പിണറായിയോടു പോരാടി ജയിക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ അദ്ദേഹത്തെ സ്നേഹിച്ച് അപകടത്തിലാക്കാൻ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ചെയ്തുകൂട്ടിയ പാതകങ്ങളുടെ കഥകൾ ആരെയാണ് അന്പരപ്പിക്കാത്തത്? ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന ന്യായം പറഞ്ഞ് തലയൂരാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും, ഇത്രപാവമായിപ്പോയോ പിണറായി എന്ന് ആരും സംശയിക്കും. അതുപേലെയാണ് അദ്ദേഹം വല്ലാതെ സ്നേഹിക്കുന്ന മന്ത്രി ജലീൽ ഇടതുമുന്നണിയുടെ മതേതര സമീപനങ്ങളിൽ ചാർത്തുന്ന കളങ്കവും.”- ലേഖനത്തിൽ വിമർശിക്കുന്നു.