അലാറം വച്ചതു വെറുതെയായി; ഷട്ടര്‍ മുറിച്ച് കള്ളൻ കൊണ്ടു പോയത് എട്ട് ക്വിന്റല്‍ കുരുമുളക്

കാസർകോട്: പേടിപ്പിക്കാൻ വച്ച അലാറത്തെ നോക്കുകുത്തിയാക്കി എട്ട് ക്വന്റൽ കുരുമുളകുമായി കള്ളൻ കടന്നു. ദേശീയ പാതയോരത്തെ പൊയ്നാച്ചിയിലാണ് സംഭവം. മലഞ്ചരക്കുകടയുടെ ഷട്ടര്‍ മുറിച്ചുമാറ്റിയാണ് കള്ളൻ കുരുമുളക് മോഷ്ടിച്ചത്. പൊയിനാച്ചി നോര്‍ത്തിലെ പൊയിനാച്ചി ട്രേഡേഴ്‌സില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്.  കോളിയടുക്കം സ്വദേശിഎം.എം. നിസാര്‍, ചെര്‍ക്കളയിലെ മുഹമ്മദ് കുഞ്ഞി  എന്നിവരുടെതാണ് സ്ഥാപനം.

 

കടയുടെ ഒരുമുറിയില്‍ അടയ്ക്കയും മറ്റേതില്‍ കുരുമുളകുമാണ് സൂക്ഷിച്ചിരുന്നത്. മുറിയുടെ ഷട്ടര്‍ ഇലക്ട്രിക്ക് കട്ടിങ് യന്ത്രം ഉപയോഗിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാവുന്ന വിധത്തില്‍ മുറിച്ചുമാറ്റിയാണ് കള്ളൻ അകത്തു കടന്നത്. 14 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയതിലൂടെ  2.65 ലക്ഷംരൂപയുടെ നഷ്ടമാണ് ഉടമകൾക്കുണ്ടായത്.

ശനിയാഴ്ച രാവിലെ കെട്ടിട ഉടമ കെ. വിജയന്‍ സമീപത്തെ മോട്ടോര്‍ഷെഡില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഫ്രിഡ്ജ് മെക്കാനിക്കായ വിജയന് ഇതേ കെട്ടിടത്തില്‍ സര്‍വീസ് കേന്ദ്രവുമുണ്ട്. ഈ കടയുടെ  വരാന്തയില്‍വെച്ചിരുന്ന പഴയ വാഷിംഗ് മെഷീനും ഫ്രിഡ്ജും മലഞ്ചരക്ക് കടയുടെ മുന്‍പില്‍ ഇരിക്കുന്നത് കണ്ട് എത്തിയപ്പോഴാണ് ഷട്ടർ മുറിച്ചത് ശ്രദ്ധയിൽപ്പെട്ടത്.

കെട്ടിടത്തിന്റെ മുകള്‍നിലയുടെ നിര്‍മാണത്തിന് കൊണ്ടുവന്ന കട്ടിങ് മെഷീനും പണിയായുധങ്ങളുമാണ് കവര്‍ച്ചയ്ക്ക് ഉപയോഗിച്ചത്. ഒന്നരവര്‍ഷം മുന്‍പും ഈ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. 2019 ഓഗസ്റ്റ് 14-ന് 3.20 ലക്ഷം രൂപയുടെ15 ക്വിന്റല്‍ അടയ്ക്കയാണ് മോഷണം പോയത്. അതേത്തുടർന്നാണ് കള്ളനെ പേടിപ്പിക്കാൻ അലാറം സ്ഥാപിച്ചത്.

സമീപത്തെ ഫര്‍ണിച്ചര്‍ ഷോറൂമിലെ സി.സി.ടി.വി.യില്‍ കവര്‍ച്ചയ്‌ക്കെത്തിയതെന്ന് കരുതുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ക്യാമറ വടികൊണ്ട് തട്ടിനീക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം മുഖം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

വലിയചാക്കുകളില്‍ സൂക്ഷിച്ചിരുന്ന കുരുമുളക് വട്ടിയിലാക്കി പുറത്തെത്തിച്ച് ചെറിയ ചാക്കുകളില്‍ നിറച്ച് വാഹനത്തില്‍ കടത്തിയെന്നാണ് പ്രഥമിക നിഗമനം.