തിരുവനന്തപുരം ഉൾപ്പെടെ 3 വിമാനത്താവളം അദാനിക്ക്; കരാര്‍ ഒപ്പുവച്ചെന്ന് എയര്‍പോര്‍ട്ട് അതോറിട്ടി

    ന്യൂഡൽഹി: തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്. ഇതു സംബന്ധിച്ച കരാറിൽ ചൊവ്വാഴ്ച ഒപ്പുവച്ചതായി എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിനൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയാണ് അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറിയിരിക്കുന്നത്.

    തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ സംസ്ഥാനസര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ.

    വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിന്  നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചിരുന്നു. മംഗളൂരു, ലക്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഒക്ടോബറിൽ അദാനി ഗ്രൂപ്പിനു കൈമാറിയിരുന്നു.

    വിമാനത്താവളം അദാനിക്കു കൈമാറുന്നതു ചോദ്യം ചെയ്തുള്ള റിട്ട് ഹർജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

    ഹൈക്കോടതി അപ്പീല്‍ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയില്‍ പോയാലും അനുകൂലഫലമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കേരള സർക്കാരിന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ സർക്കാർ തീരുമാനത്തിനെതിരെ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.