ആസൂത്രണ ബോര്‍ഡ് രാജ്യാന്തര സമ്മേളനത്തില്‍ അക്കാദമിക് സമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പാക്കും

തിരുവനന്തപുരം: ഭാവികേരളത്തിന്‍റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തില്‍ സര്‍വകലാശാല അധ്യാപകരുടെയും ഗവേഷക, വിദ്യാര്‍ഥി സമൂഹത്തിന്‍റെയും പങ്കാളിത്തം ഉറപ്പാക്കും. സമ്മേളനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ വീഡിയോ കോണ്‍ഫറസിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. സാമ്പത്തിക, ആസൂത്രണ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെയാണ് ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന വിഷയത്തില്‍ ഓണ്‍ലൈനായി സമ്മേളനം സംഘടിപ്പിക്കുന്നത്.

അക്കാദമിക് സമൂഹത്തെ പ്രതിനിധീകരിച്ച് പരമാവധി പേര്‍ പങ്കെടുക്കുന്നത് സമ്മേളനത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍ പറഞ്ഞു. സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസം, അന്താരാഷ്ട്ര തലത്തിലുള്ള വൈജ്ഞാനിക സഹകരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുകളുണ്ട്.

സൂം വഴിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കുറച്ചുപേര്‍ക്ക് സൂമില്‍ രജിസ്റ്റര്‍ ചെയ്ത് സെമിനാര്‍ സെഷനുകളില്‍ പങ്കെടുക്കാം. മറ്റുള്ളവര്‍ക്ക് ഫെയ്സ്ബുക്ക്, യൂ ട്യൂബ് മാധ്യമങ്ങള്‍ ഉപയോഗിക്കാം. സമ്മേളനത്തില്‍ പങ്കെടുക്കാനായുള്ള വിശദാംശങ്ങള്‍ സര്‍വകലാശാല അധികൃതരെ അറിയിക്കുമെന്ന് ഡോ. വി.കെ രാമചന്ദ്രന്‍ പറഞ്ഞു.

അക്കാദമിക് സമൂഹത്തിന്‍റെ പങ്കാളിത്തം സമ്മേളന സെഷനുകളില്‍ ഉറപ്പാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ അറിയിച്ചു.

പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വേണു വി., പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ ഡോ.ബി.ഇക്ബാല്‍, ഡോ.കെ.രവിരാമന്‍, ഡോ.മൃദുല്‍ ഈപ്പന്‍, ഡോ.ടി.ജയരാമന്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.എന്‍.മധുസൂദനന്‍, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്‍.ചന്ദ്രബാബു, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ്, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ സാമ്പത്തിക നൊബേല്‍ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ്, ഡബ്ല്യു.എച്ച്.ഒ. ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സാമ്പത്തിക ആസൂത്രണ വിദഗ്ധര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

രാജ്യാന്തര തലത്തില്‍ അക്കാദമിക് പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യവികസനം, മത്സ്യബന്ധനം-കൃഷി-മൃഗസംരക്ഷണം എന്നിവയുടെ ആധുനികവല്‍കരണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണന്‍സ് എന്നീ മേഖലകള്‍ക്കു പുറമെ തദ്ദേശ ഭരണം, ഫെഡറലിസം-വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാകും.