വൈറ്റ് ഹൗസ് നിന്നും പടിയിറങ്ങുന്നതിന് മുൻപ് ട്രംപിന്റെ മകളുടെ വിവാഹനിശ്ചയം

    വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണൾഡ് ട്രംപ് പടിയിറങ്ങുന്നതിനു മുൻപ് മകളുടെ വിവാഹനിശ്ചയത്തിന് വൈറ്റ് ഹൗസ് വേദിയായി. ട്രംപിന്റെ മകൾ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. കാമുകൻ മൈക്കിൾ ബൗലസുമായുള്ള ചിത്രം പങ്കുവച്ച് ടിഫാനി തന്നെയാണ് വിവാഹനിശ്ചയ വിവരം പുറത്തുവിട്ടത്.ബൗലസും ഇതേ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

    ട്രംപിന്റെ രണ്ടാം ഭാര്യ മാർല മേപ്പിൾസിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി.  ജോർജ്ടൗൺ യൂണിവേഴ്സിറ്റിയുടെ ലോ സ്കൂളിൽനിന്നു ബിരുദമെടുത്തയാളാണ് ടിഫാനി. നൈജീരിയൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയാണ് ബൗലസ്.

    ബൗലസ് ലണ്ടനിലാണ് കോളജ് പഠനം പൂർത്തിയാക്കിയത്. 2018 ജനുവരിയിൽ ഇരുവരും ലണ്ടനിൽ ഒരുമിച്ചുള്ളതിന്റെ ചിത്രം പുറത്തുവന്നിരുന്നു.