കാണിക്ക വഞ്ചിയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചു; ഒരു ലക്ഷം തിരികെ നല്‍കി മോഷ്ടാവ്

രാജസ്ഥാന്‍: ദൈവത്തിന് സമര്‍പ്പിച്ച പണം മോഷ്ടിച്ചതിനു ശേഷം കുറ്റബോധമോ ദൈവകോപമോ ഭയന്ന് പണം തിരികെ നല്‍കിയ സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. സമാനമായ സംഭവമാണ് രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലും ഉണ്ടായിരിക്കുന്നത്.

നഗൗറിലെ ദര്‍ഗയിലെ ഭണ്ഡാര പെട്ടിയില്‍ നിന്നും പണം കവര്‍ന്ന മോഷ്ടാവ് കുറ്റബോധം മൂലം മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നല്‍കി ‘മാതൃകയായി’.

രണ്ട് ലക്ഷം രൂപയാണ് ദര്‍ഗയിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് മോഷണം പോയത്. ഇതില്‍ ഒരു ലക്ഷം രൂപ മോഷണം നടന്ന് ഒരു മാസത്തിനു ശേഷം മോഷ്ടാവ് തിരികെ നല്‍കി. ദൈവകോപം ഭയന്നാണ് മോഷ്ടാക്കള്‍ പകുതി പണം തിരികെ നല്‍കി പ്രായശ്ചിത്തം ചെയ്തതെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്.

ജില്ലയിലെ ഹസ്രത്ത് സമന്‍ ദിവാന്‍ ദര്‍ഗയിലാണ് മോഷണം നടന്നത്. ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്നായിരുന്നു കവര്‍ച്ച നടത്തിയത്. ഡിസംബര്‍ 17 ന് രാത്രിയായിരുന്നു മോഷണം. ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തോളം രൂപ മോഷണം പോയി.

പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ദര്‍ഗയിലെ സിസിടിവി ക്യാമറയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഒരു ലക്ഷം രൂപ വീണ്ടും ദര്‍ഗയില്‍ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ദര്‍ഗയിലെത്തിയ വിശ്വാസികളാണ് ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകെട്ടുകള്‍ ദര്‍ഗയില്‍ ആദ്യം കണ്ടത്. 93, 514 രൂപയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദര്‍ഗയില്‍ നിന്നും മോഷണം പോയ അതേ നോട്ടുകളാണ് ഇതെന്ന് മനസ്സിലായി. ദര്‍ഗ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ച് പണം കൈമാറി.

ആരാണ് മോഷ്ടിച്ചതെന്നോ ഒരു മാസത്തിന് ശേഷം മോഷ്ടിച്ചതിന്റെ പകുതി പണം തിരിച്ചു നല്‍കിയത് എന്തിനെന്നോ ആര്‍ക്കും വ്യക്തമല്ല.