ഓണ്‍ലൈന്‍ റമ്മി: വെറുതേ കളിക്കാന്‍ പറഞ്ഞിട്ട് പോയാല്‍ പോരാ; കോഹ്ലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും ഹൈക്കോടതി നോട്ടീസ്

    കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളിയുടെ ബ്രാന്‍ഡ്  അംബാസഡര്‍മാരായ താരങ്ങള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി, നടി തമന്ന, നടന്‍ അജു വര്‍ഗീസ് എന്നിവരോടാണ് പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഓണ്‍ലൈന്‍ റമ്മി കളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി. വിഷയം ഗൗരവതരമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

    ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ പോളി വടക്കന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ വന്‍തോതില്‍ യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നു എന്നും ഒട്ടേറെപ്പേര്‍ പണം നഷ്ടപ്പെട്ടു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താരങ്ങളെ പരസ്യത്തിനായി ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

    ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഇത് പരിഗണിച്ചാണ്  ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്. സര്‍ക്കാരിനോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. താരങ്ങള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണം.

    നേരത്തെ നടന്‍ അജു വര്‍ഗീസിന്റെ റമ്മി സര്‍ക്കിള്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്‌സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടന്നുമാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച റമ്മി സര്‍ക്കിള്‍ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ചേര്‍ത്താണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.