കര്‍ഷക പ്രക്ഷോഭത്തിനിടെ ദേശീയ പതാക വലിച്ചെറിഞ്ഞോ? വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക്

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തിരണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ്. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 83 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും ഡല്‍ഹി പൊലീസ് അറിയിച്ചു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ ടി ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് പറയുന്നു. അതേസമയം, ചെങ്കോട്ടയില്‍ പ്രതിഷേധക്കാരെ പൊലീസ് കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്

എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെങ്കോട്ടയില്‍ സിഖ് മതവിഭാഗക്കാരുടെ കൊടി നാട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പൊലീസും അന്വേഷണം ആരംഭിച്ചു. ഒരു സമരക്കാരന്‍ ദേശീയ പതാക തറയിലേക്ക് വലിച്ചെറിയുന്നതിന്റെ വീഡിയോയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ചെങ്കോട്ട പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ചെങ്കോട്ടയ്ക്ക് സമീപം അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലകളിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.