കോഴികള്‍ കൂവട്ടെ, പക്ഷികള്‍ പറക്കട്ടെ, പരാതിയുമായി കോടതിയിലേക്ക് വരേണ്ട !

പാരീസ് : ഗ്രാമപ്രദേശങ്ങളിലെ ‘ ഇന്ദ്രിയ സംബന്ധമായ പൈതൃകം ‘ സംരക്ഷിക്കുന്നതിന് നിയമം പാസാക്കി ഫ്രാന്‍സ്. ഗ്രാമപ്രദേശങ്ങളിലെ ശബ്ദങ്ങളെയും ഗന്ധത്തെയും പറ്റിയുള്ള പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഗ്രാമീണ മേഖലകളില്‍ കണ്ടുവരുന്ന പക്ഷികളുടെ കരച്ചിലും മറ്റ് ശബ്ദവും സ്വാഭാവികമായ ഗന്ധവും തങ്ങള്‍ക്ക് ശല്യമാകുന്നുവെന്ന പേരില്‍ അയല്‍ക്കാര്‍ക്കിടെയില്‍ അഭിപ്രായഭിന്നതകളുണ്ടാവുകയും ഇത് കോടതി കേസിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യം തടയുന്നതിന് പുതിയ നിയമം ഫലപ്രദമാകുമെന്ന് അധികൃതര്‍ പറയുന്നു.

നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് താമസിക്കാന്‍ വരുന്നവരാണ് പ്രധാനമായും പരാതിയുന്നയിച്ചിരുന്നത്. പരമ്പരാഗതമായി ഗ്രാമങ്ങളില്‍ കഴിഞ്ഞുവരുന്നവര്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഇത്തരത്തില്‍, ഫ്രഞ്ച് ഗ്രാമത്തില്‍, പുലര്‍ച്ചെ നിര്‍ത്താതെ കൂവുന്ന ഒരു കോഴിയ്‌ക്കെതിരെയുള്ള പരാതി ഫ്രഞ്ച് കോടതിയില്‍ വരെ എത്തിയിരുന്നു. 2019 സെപ്റ്റംബറിലാണ് അപൂര്‍വങ്ങളില്‍ അപൂവമായ ഈ സംഭവം നടന്നത്. ഫ്രാന്‍സിലെ ഐല്‍ ഒഫ് ഒലേറോണില്‍ അയല്‍വീട്ടില്‍ വളര്‍ത്തിയിരുന്നു മൗറിസ് എന്ന പൂവന്‍ കോഴിയ്‌ക്കെതിരെ ഒരു വൃദ്ധ ദമ്പതികളാണ് പരാതി നല്‍കിയത്.

സദാസമയവും കൂവുന്ന മൗറിസിന്റെ ശബ്ദം കാരണം തങ്ങള്‍ക്ക് സൈ്വരമില്ലെന്നായിരുന്നു ഇവരുടെ ആരോപണം. നഗരത്തില്‍ നിന്ന് ഒലേറോണിലുള്ള തങ്ങളുടെ വസതിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ഈ വൃദ്ധ ദമ്പതികള്‍. മൗറിസിന്റെ കൂവല്‍ ‘ ശബ്ദ മലിനീകരണത്തിന് ‘ വരെ കാരണമാകുന്നുവെന്ന വിചിത്ര വാദമാണ് അവര്‍ മുന്നോട്ട് വച്ചത്.

കോടതി കേസ് പരിഗണിച്ചു. ഗ്രാമീണാന്തരീക്ഷമുള്ള ഒലേറോണില്‍ കോഴി കൂവുന്നതൊക്കെ സാധാരണമാണെന്നും നഗര പ്രദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നും വാദിച്ച പ്രദേശവാസികള്‍ മൗറിസിനായി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടു. മൗറിസ് ഉള്‍പ്പെടെയുള്ള ജീവി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവയുടെ സുരക്ഷയ്ക്കുമായി പരാതികള്‍ കോടതിയുടെ മുന്നിലെത്തി.

ഒടുവില്‍,? കോഴി കൂവുകയല്ലാതെ പിന്നെന്ത് ചെയ്യണമെന്നും കൂവല്‍ നിറുത്താന്‍ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഉത്തരവിട്ട കോടതി പ്രകൃതിയിലെ സ്വാഭാവിക ശബ്ദങ്ങളോ ചലനങ്ങളോ ഇല്ലാതാക്കാന്‍ മനുഷ്യര്‍ക്ക് യാതൊരു അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി. അങ്ങനെ കേസില്‍ മൗറിസും ഗ്രാമീണരും വിജയിച്ചു.

കഴിഞ്ഞ മേയ് മാസത്തില്‍ തന്റെ ആറാം വയസില്‍ മൗറിസ് ലോകത്തോട് വിട പറഞ്ഞിരുന്നു. ഗ്രാമീണ ജീവിതത്തിന്റെ പ്രതീകമായി മാറിയ മൗറിസിനോടുള്ള മരണാനന്തര ആദരസൂചകമായാണ് പുതിയ നിയമം സമര്‍പ്പിച്ചിരിക്കുന്നത്.