മന്ത്രി മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍

 മന്ത്രി മേഴ്സികുട്ടിയമ്മയ്ക്കെതിരെ വിജിലന്‍സ് ത്വരിതപരിശോധന. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട പരാതിയിലാണ് വിജിലന്‍സ് നടപടി. മന്ത്രിയുടെ ഭര്‍ത്താവ് തുളസീധര കുറുപ്പിനെതിരേയും അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. കേരളാ സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, കാപെക്സ് എന്നിവയ്ക്കു വേണ്ടി നടത്തിയ തോട്ടണ്ടി ഇറക്കുമതിയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ നിയമസഭയില്‍ ആരോപണമുന്നയിച്ചിരുന്നു.

10.34 കോടിയുടെ അഴിമതി നടന്നെന്നാണ് സതീശന്‍ ആരോപിച്ചത്. കിലോയ്ക്ക് 118 രൂപയ്ക്ക് ഐവറികോസ്റ്റില്‍ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്യാമെന്ന നിര്‍ദ്ദേശം പരിഗണിക്കാതെ 124 രൂപയ്ക്ക് ഇറക്കുമതി ചെയ്തു എന്നതാണ് പ്രധാന ആരോപണം. സതീശന്‍ നിയമസഭയില്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് അഡ്വ:റഹീം വിജിലന്‍സിന് പരാതി നല്‍കിയത്. ഈ പരാതിയിലാണ് ത്വരിതപരിശോധനയ്ക്ക് ഉത്തരവായിരിക്കുന്നത്.