റൂംമേറ്റിന് വാട്‌സാപ് സന്ദേശം അയച്ചു; ദുബായില്‍ ബ്രിട്ടീഷ് യുവതിക്ക് ജയില്‍ ശിക്ഷയും 140,000 ഡോളര്‍ പിഴയും

ദുബായ്: റൂ മേറ്റിന് അശ്ലീല വാട്‌സാപ് സന്ദേശം അയച്ച ബ്രിട്ടീഷ് യുവതിക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും 140,000 ഡോളര്‍ പിഴയും വിധിച്ച ദുബായ് കോടതി. മെയില്‍ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റിന്റെ സൈബര്‍ ക്രൈം നിയമപ്രകാരമുള്ള കുറ്റമാണ് ബ്രിട്ടീഷ് യുവതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഡൈനിംഗ്  ടേബിള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് അശ്ലീല മെസേജില്‍ കലാശിച്ചത്. ‘എഫ് — യു’ എന്ന സന്ദേശമാണ് ഉക്രൈന്‍ സ്വദേശിനിക്ക് അയച്ചതെന്ന് മെയില്‍ ഓണ്‍ലൈന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. 31 കാരിയായ ബ്രിട്ടീഷ് യുവതി മോശം സന്ദേശം അയച്ചെന്നു സമ്മതിച്ചെങ്കിലും കേസ് നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്ന് മെയില്‍ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി അറസ്റ്റിലായതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറസ്റ്റിലായതിനു പിന്നാലെ പ്രശ്‌ന പരിഹാരത്തിന് റൂമേറ്റുമായി ബന്ധപ്പെടാന്‍ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.