പതിമൂന്ന് വയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിയായ രണ്ടാനച്ഛന് നാലു ജീവപര്യന്തം

    ഹരിപ്പാട്: പതിമൂന്നുവയസുകാരിയെ  ഒരു വർഷത്തോളം തുടർച്ചയായി ലൈംഗികചൂഷണത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛനു നാലു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 26 വർഷത്തെ തടവുകൂടിയുണ്ട്. ഇത് അനുഭവിച്ച ശേഷമാണു ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ കഴിയണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷംരൂപ പിഴയും ഒടുക്കണം. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ശാലീന വി.ജി. നായരാണ് ഉത്തരവ്‌ പുറപ്പെടുവിച്ചത്.

    പീഡനത്തിന് അമ്മയുടെ ഒത്താശയുണ്ടായെങ്കിലും കുട്ടിയുടെമൊഴി അവർക്ക് അനുകൂലമായിരുന്നു. അമ്മയ്ക്കു 41 ദിവസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും മുൻപ് അവർ റിമാൻഡിൽക്കഴിഞ്ഞ 45 ദിവസം ശിക്ഷാകാലമായി പരിഗണിച്ചു വിട്ടയച്ചു.

    ഹരിപ്പാട് പോക്സോ കോടതിയിലെ ആദ്യ ശിക്ഷാവിധിയാണിത്. ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലിചെയ്തിട്ടുള്ള തലയോലപ്പറമ്പ് സ്വദേശിക്കാണു ശിക്ഷലഭിച്ചത്. നൂറനാട് പോലീസ് 2015-ൽ രജിസ്റ്റർചെയ്ത കേസിലാണിത്.

    കൊട്ടാരക്കര നെടിയവിള, ഇടപ്പോൺ ചെറുമുഖ, പൊൻകുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്കുതാമസിക്കുമ്പോഴാണ് പീഡനം നടന്നത്. ഈ സ്ഥലങ്ങളിലെല്ലാം ഇയാൾ ശാന്തിക്കാരനായി ജോലി ചെയ്തിരുന്നു.

    നാലുപെൺമക്കളുള്ള യുവതി ഭർത്താവ് മരിച്ചതിനുശേഷം കുട്ടികളെ ബാലമന്ദിരങ്ങളിലാണു താമസിപ്പിച്ചിരുന്നത്. അതിനിടെയാണുപൂജാരിയായ പ്രതിയെ വിവാഹംചെയ്തത്. അതിനുശേഷം വാടക വീടെടുത്ത് കുട്ടികൾക്കൊപ്പം താമസിച്ചു. ആ സമയത്ത് പ്രതി മൂത്തപെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചു. അതിൽനിന്നു രക്ഷപ്പെട്ട കുട്ടി ബന്ധുക്കളുടെ സഹായത്തോടെ മറ്റൊരാളെ വിവാഹം കഴിച്ചു.

    ഇളയ രണ്ടുകുട്ടികൾ പ്രതിയുടെ പീഡനം സഹിക്കാൻ കഴിയാതെ ബാലികാസദനത്തിലേക്കു മടങ്ങി. 12 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഏറ്റവും ഇളയ കുട്ടിയാണു പിന്നീട് ഇവർക്കൊപ്പമുണ്ടായിരുന്നത്. ആ കുട്ടിയെയാണ് പ്രതി ഒരുവർഷത്തോളം തുടർച്ചയായി ഉപദ്രവിച്ചത്.

    പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. േപ്രാസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

    രണ്ടാനച്ഛന്റെ ഉപദ്രവം ഭയന്ന് പെൺകുട്ടികൾ എപ്പോഴും സേഫ്റ്റിപിന്നും ബ്ലേഡും കൈയിൽ കരുതാറുണ്ടായിരുന്നെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.