നീതിയുക്തമായ കൊവിഡ് വാക്സിനേഷനാണ് 2021 ലെ ഏക വെല്ലുവിളി- ഡോ. പീറ്റര്‍ സിംഗര്‍

തിരുവനന്തപുരം: ദരിദ്രവും സമ്പന്നവുമായ രാജ്യങ്ങളിലെ എല്ലാ പൗരൻമാർക്കും നീതിയുക്തമായി കൊവിഡ് വാക്സിനേഷന്‍ നല്‍കുകയെന്നതാണ് 2021 ലെ ആരോഗ്യരംഗത്തെ ഒരേയൊരു വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലിന്‍റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. പീറ്റര്‍ സിംഗര്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാര്‍വത്രിക ആരോഗ്യ സുരക്ഷ; ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം’ എന്ന വിഷയത്തിലായിരുന്നു ആദ്യ ദിനത്തിലെ ചര്‍ച്ച. തുടക്കത്തിലെങ്കിലും സമ്പന്ന രാഷ്ട്രങ്ങളിലേക്കാണ് വാക്സിന്‍ ഏറിയ പങ്കും പോയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.  വാക്സിന്‍ ഉത്പാദകരിലേക്ക് ആസ്ട്രസെനെക, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ കടന്നു വരവ് സ്ഥിതി ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. സാര്‍വത്രിക ആരോഗ്യ പരിപാലനം എന്ന യുഎന്‍ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതില്‍ ഈ നീതിയുക്തി പരമപ്രധാനമാണ്.

കൊവിഡ് പ്രതിസന്ധി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചു. രോഗബാധിതരാകുന്നവരുടെ എണ്ണത്തേക്കാള്‍ രോഗമുക്തരാകുന്നവരുടെ എണ്ണം കൂടുന്നു. വാക്സിനേഷന്‍ നടപടികള്‍ ദ്രുതഗതിയിലാകുന്നതോടെ ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും.

കൊവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെ ഡോ. സിംഗര്‍ അഭിനന്ദിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അവിടുത്തെ സേവനങ്ങളും സാധാരണക്കാര്‍ക്ക് പ്രാപ്യമാവണം. ചികിത്സാ സേവനങ്ങള്‍ പോലെ തന്നെ പ്രധാനമാണ് ആരോഗ്യ സുരക്ഷാ പദ്ധതികളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്താതിസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ കേരളം എടുക്കേണ്ടത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിര്‍ണായകമാണ്. ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം പ്രധാന വെല്ലുവിളിയാണെന്നും ഡോ. സിംഗര്‍ ചൂണ്ടിക്കാട്ടി.

പ്രാഥമിക ആരോഗ്യപരിരക്ഷയില്‍ ഊന്നിനിന്നു കൊണ്ടു മാത്രമേ സാര്‍വത്രിക ആരോഗ്യപരിപാലനം സാധ്യമാകൂ എന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മുന്‍ സെക്രട്ടറി ശ്രീമതി സുജാത റാവു പറഞ്ഞു. ഇതിനായി താഴെത്തട്ടില്‍ നിന്നുള്ള ആസൂത്രണവും പരിഷ്കരണവും വേണം.

പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ കയ്യില്‍ നിന്നും ചെലവാകുന്ന പണത്തിന്‍റെ അളവ് 20 ശതമാനമെങ്കിലും കുറയ്ക്കാന്‍ കഴിയണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. യുപിയും ബിഹാറുമായി സ്വയം താരതമ്യം ചെയ്യുന്നതിനു പകരം ജപ്പാന്‍ തായ്ലാന്‍റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായാണ് കേരളം മത്സരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

പ്രാഥമിക ആരോഗ്യ പരിപാലനത്തില്‍ കേരളം ആര്‍ദ്രം മിഷന്‍ വഴി നടത്തുന്നത് ആശാവഹമായ പ്രവര്‍ത്തനമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ക്ക് തുല്യമായ വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണം. അങ്ങിനെ വന്നാല്‍ ഗ്രാമീണ സേവനത്തില്‍ ഡോക്ടര്‍മാരും തത്പരരാകും. കൊവിഡ് പ്രതിസന്ധി അവസരമായി കരുതണമെന്നും ശ്രീമതി സുജാത റാവു പറഞ്ഞു.

പകരാത്ത രോഗങ്ങളാണ് കേരളത്തിന്‍റെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മുന്‍ അഡി. ചീഫ് സെക്രട്ടറി ശ്രീ രാജീവ് സദാനന്ദന്‍ പറഞ്ഞു. ഇതിനെതിരായുള്ള പരമ്പരാഗത നീക്കങ്ങള്‍ ഫലവത്താകില്ല. നിര്‍മ്മിത ബുദ്ധി, ഡിജിറ്റലൈസേഷന്‍ എന്നിവ ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പകര്‍ച്ചവ്യാധി പോലെ പടരുന്ന വിഷാദരോഗമാണ് കേരളം നേരിടുന്ന മറ്റൊരു പ്രധാനപ്രശ്നം. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണത്തിലാണെങ്കിലും എലിപ്പനി, ക്ഷയം, മലമ്പനി, മന്ത് എന്നിവ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ സംസ്ഥാനത്തെ ആരോഗ്യപരിപാലന രംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ നിര്‍ണായക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.