ബിയറിന് ഏറ്റവുമധികം വിലയുള്ള രാജ്യമേത്? വില കുറവുള്ളത് എവിടെ?

ബിയറിന്റെ വിലയെ അടിസ്ഥാനമാക്കി എപ്പോഴെങ്കിലും നിങ്ങൾ വിനോദ യാത്രകൾ തെരഞ്ഞെടുത്തിട്ടുണ്ടോ? ഇക്കാര്യം പരിഗണിച്ചിട്ടില്ലെങ്കിലും വിനോദയാത്രയ്ക്കിടെ ഏറ്റവും കുറഞ്ഞ വിലയിൽ ബിയർ ലഭിച്ചാൽ ആരാണ് സന്തോഷിക്കാത്തത്. നിങ്ങൾ താമസിക്കുന്ന ഹോട്ടൽ ഒരു ബിയറിന് അമിത വില ഈടാക്കിയാൽ നിങ്ങളെ അത് അസ്വസ്ഥനാക്കും. യാത്രയുടെ മൂഡ് തന്നെ ഈയൊരു സംഭവം കളഞ്ഞേക്കാം. ലോകത്ത് ബിയറിന് ഏറ്റവും കൂടുതൽ വിലയുള്ള സ്ഥലങ്ങളും വില കുറഞ്ഞ സ്ഥലങ്ങളും ഏതൊക്കെയെന്നു നോക്കാം.

വേൾഡ് ബിയർ ഇൻഡെക്സ് 2021 ന്റെ ഭാഗമായി  സാമ്പത്തിക ഉപദേശക സൈറ്റായ എക്സ്പെൻസിറ്റിവിറ്റി ലോകമെമ്പാടുമുള്ള 58 രാജ്യങ്ങളുടെ തലസ്ഥാനത്ത് നിന്നുള്ള വില വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇവിടെ സൂപ്പർ മാർക്കറ്റുകളിലെയും ഹോട്ടലുകളിലെയും വിലയാണ് അവർ ശേഖരിച്ചത്.

അപ്പോൾ ലോകത്ത് ഏറ്റവും വിലയേറിയ ബിയർ എവിടെയാണ്? ഖത്തറിലെ ദോഹയിൽ  ശരാശരി 11.26 ഡോളറാണ് ഒരു ബിയറിന്റെ വില. 2022 ലോകകപ്പിന് മുന്നോടിയായി ഭൂരിഭാഗം മുസ്‌ലിം രാജ്യങ്ങളും മദ്യ ഇറക്കുമതിക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ എത്തുന്ന സന്ദർശകർക്ക് മദ്യപിക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്നും  സൈറ്റ് വിശദീകരിക്കുന്നു. ജോർദാനിലെ അമ്മാനിൽ  6.25 ഡോളറാണ് ഒരു കുപ്പി ബിയറിന്റെ വില.

ദോഹയിലെ ഹോട്ടലുകളിൽ  13.19 ഡോളറാണ് ബിയറിന് ഈടാക്കുന്നത്. വിലയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ചൈനീസ് തലസ്ഥാനമായ ബീജിംഗ് ആണ്.  ബീജിംഗിൽ ഹോട്ടലിൽ നിന്നും ബയർ വാങ്ങിയാൽ  13.61 പൗണ്ണ്ട് നൽകേണ്ടി വരും. എന്നാൽ ഹോട്ടലിന് പുറത്തുള്ള കടകളിൽ നിന്നും വാങ്ങിയാൽ വില കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വിലയിൽ ബിയർ വിൽക്കുന്നത് റോമിലെ  സൂപ്പർമാർക്കറ്റിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കുപ്പിക്ക് വെറും 0.58 ഡോളർ. അതേസമയം, ഏറ്റവും വിലകുറഞ്ഞ ഹോട്ടൽ ബിയർ ദക്ഷിണാഫ്രിക്കയിലാണ്.  രാജ്യത്തെ മൂന്ന് തലസ്ഥാന നഗരങ്ങളായ പ്രിട്ടോറിയ, ബ്ലൂംഫോണ്ടെയ്ൻ, കേപ് ടൗൺ എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഒരു ലോബി ബിയറിന്റെ ശരാശരി വില 2.40 ഡോളറാണ്. ഇവിടെ സൂപ്പർ മാർക്കറ്റുകളിൽ  0.96 ഡോളറാണ് ഒറു ബയറിന്റെ വില.

ബയർ വില പട്ടികയിൽ 45-ാം സ്ഥാനമാണ് യുഎസിനുള്ളത്. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിൽ 1.49 ഡോളറാണ് ഒരു കുപ്പി ബയറിന്റെ വില. എന്നാൽ വാഷിംഗ്‌ടൺ, ഡി.സിയിലെ ഹോട്ടലുകളിൽ ഒരു ബിയറിന് 8.00 ഡോളർ നൽകണം.