ദൃശ്യം രണ്ടിലെ ജോര്‍ജ് കുട്ടിയുടെ കാറിന്റെ നമ്പര്‍ ഹോണ്ട ഡിയോ സ്‌കൂട്ടറിന്റേത്; ഗതാഗത വകുപ്പിന്റെ വീഴ്ചയെന്ന് സോഷ്യല്‍ മീഡിയ

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിനു പിന്നാലെ സിനിമയിലെ ഓരോ രംഗങ്ങളും ചൂണ്ടിക്കാട്ടി രസകരമായ നിരവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏറ്റവും അവസാനമായി മോഹന്‍ലാല്‍ വേഷമിട്ട ജോര്‍ജ് കുട്ടിയുടെ ഫോഡ് എക്കോ സ്‌പോര്‍ട്ട് കാറിനെ കുറിച്ചും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ജോര്‍ജ് കുട്ടിയുടെ കാറിന്റെ നമ്പര്‍ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ പേരിലുള്ളതെന്നുമാണ് പുതിയ കണ്ടെത്തല്‍. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച ജോര്‍ജ് കുട്ടിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കണമെന്ന ആവശ്യവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്.

ജോര്‍ജു കുട്ടി വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചത് മോട്ടോര്‍ വാഹന വകുപ്പിന്റെ വീഴ്ചയല്ലേയെന്നും ചിലര്‍ ചോദിക്കുന്നു.  വരുണ്‍ തിരോധാനത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഗണേഷ് കുമാറിന്റെ കഥാപാത്രം നാട്ടുകാരെ വീണ്ടും ചോദ്യം ചെയ്യുന്ന ഒരു രംഗവും സോഷ്യല്‍ മീഡയ ആഘോഷിച്ചിരുന്നു.

ആ ഭാഗത്തിലെ ഒരു ഡയലോഗ് ഇങ്ങനെ, ‘ആ റോഡ് എങ്ങോട്ട് പോകുന്നതാ’, ‘അത് ജോര്‍ജ്കുട്ടിയുടെ കേബിള്‍ ടിവി ഓഫീസ് ഇരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട്ട് കട്ടാ സാര്‍. ആ റോഡ് ടാറ് ചെയ്തിട്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാര്‍’ – സിനിമയിലെ ഈ ഭാഗം പിണറായിക്കാലം എന്ന രീതിയില്‍ ചിലര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. അങ്ങനെയെങ്കില്‍ നമ്പര്‍ പ്ലേറ്റ് മാറിയത് മോട്ടോര്‍ വാഹന വകുപ്പിന്റെ വീഴ്ചയല്ലേയെന്നാണ് ചിലര്‍ ചോദിക്കുന്നത്.

ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാര്‍ എന്ന ഡയലോഗിന് ഇടയില്‍ ആറു വര്‍ഷം മുമ്പ് ആ റോഡ് മോശമായിരുന്നു എന്ന് വ്യക്തമാക്കി എഴുതിയാണ് സോഷ്യല്‍ മീഡിയ പ്രചരണം. എം എല്‍ എമാര്‍ പോലും ഈ ഡയലോഗ് അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കു വച്ചിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു രസം.