നിറം മാറി അരയന്നം; കുളത്തിൽ മുങ്ങിപ്പൊങ്ങിയപ്പോൾ തൂവെള്ള നിറം കറുപ്പായി

ഇംഗ്ലണ്ടിലെ വിൽ‌ട്ട്ഷയറിലെ ഒരു കുളത്തിൽ കറുത്ത അരയന്നത്തെ കണ്ടെത്തി. കുളത്തിൽ വലിച്ചെറിഞ്ഞ ‘അജ്ഞാത പദാർത്ഥം’ കാരണമാണ് തൂവെള്ള നിറത്തിലുള്ള അരയന്നത്തിന്റെ തൂവലുകൾ കറുത്തിരുണ്ടത്. പ്രിന്റർ ടോണറായിരിക്കാം കുളത്തിൽ എറിഞ്ഞതെന്നാണ് ആർ‌എസ്‌പി‌സി‌എയും നിഗമനം. നിറം മാറിയ അരയന്നത്തെ തടാകത്തിൽ നിന്ന് രക്ഷപെടുത്തി. അരയന്നത്തെ രക്ഷപ്പെടുത്തിയതിന് ശേഷം ഇത് മനപൂർവമായ ആക്രമണമാണോയെന്ന് കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

പക്ഷിയെ നല്ല വെള്ളത്തിൽ ഇറക്കി വൃത്തിയാക്കിയതായി ആർ‌എസ്‌പി‌സി‌എ ഇൻ‌സ്പെക്ടർ സ്റ്റെഫ് ഡാലി ബി‌ബി‌സിയോട് പറഞ്ഞു. അരയന്നത്തിന്റെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഫോട്ടോ സ്റ്റാറ്റ് മെഷീനിലെ മഷി ടോണറിന് സമാനമായ പദാർത്ഥമാണ് അരയന്നത്തിന്റെ തൂവലുകളിൽ കണ്ടെത്തിയത്.

പക്ഷിയുടെ ഇണയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കറുത്ത നിറത്തിൽ അരയന്നത്തെ കണ്ടാൽ അധികൃതരുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കണ്ടെത്തിയ അരയന്നത്തെ നിരവധി തവണ കഴുകിയതിന് ശേഷമാണ് പഴയ രൂപത്തിലാക്കാൻ കഴിഞ്ഞത്.