സഹകരണ പ്രസ്ഥാനത്തിന്‍റെ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ടൂറിസം മേഖലയ്ക്ക് സാധിക്കണം: മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍

കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (കെടിഎഫ്സിഎസ്) പ്രവര്‍ത്തനോദ്ഘാടനം ബഹു. ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. കെടിഎഫ്സിഎസ് ചീഫ് പ്രൊമോട്ടര്‍ ശ്രീ. അനീഷ് കുമാര്‍ പി.കെ, അറ്റോയി പ്രസിഡന്റ് ശ്രീ. വിനോദ് സി.എസ്, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ബാലകിരണ്‍ ഐ.എ.എസ്, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു, അറ്റോയി സെക്രട്ടറി ശ്രീ. മനു പി.വി തുടങ്ങിയവര്‍ സമീപം.
തിരുവനന്തപുരം: സഹകരണ പ്രസ്ഥാനത്തിലൂടെ ടൂറിസം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്കായി കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (കെടിഎഫ്സിഎസ്) പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബഹു. ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്ന സാഹചര്യത്തില്‍ സഹകരണ പ്രസ്ഥാനത്തിലൂടെ ടൂറിസം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ഉദ്യമം.

സഹകരണ പ്രസ്ഥാനത്തിന്‍റെ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ ടൂറിസം മേഖലയ്ക്ക് സാധിക്കണമെന്ന് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയുടെ വ്യ്പ്തി ഏറെ വലുതാണ്. എന്നാല്‍ ടൂറിസം രംഗത്ത് സഹകരണ മേഖലയുടെ ഇടപെടല്‍ അത്ര കാര്യക്ഷമമല്ല. ഈ കുറവ് പരിഹരിക്കാന്‍ കെടിഎഫ്സിഎസിന് സാധിക്കും. പ്രാദേശികമായ ടൂറിസം കേന്ദ്രങ്ങളെയും വ്യവസായികളെയും സഹകരിപ്പിച്ച് സംഘങ്ങള്‍ രൂപീകരിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെടിഎഫ് സിഎസ്സിന്‍റെ ലോഗോ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു.

ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിനൊപ്പം മേഖലയുടെ സമഗ്ര വികസനം കൂടി ലക്ഷ്യമിട്ടാണ് സൊസൈറ്റി രൂപീകരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെടിഎഫ്സിഎസ് ചീഫ് പ്രൊമോട്ടര്‍ ശ്രീ. അനീഷ് കുമാര്‍ പി.കെ പറഞ്ഞു. സംരംഭകത്വം, വായ്പ, നിക്ഷേപ സമാഹരണം തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സൊസൈറ്റി നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലത്ത് ടൂറിസം മേഖല ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയില്‍ പെട്ടു പോയ സമയത്താണ് ജീവനക്കാര്‍ക്ക് ആശ്വാസമേകാനായി ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കാനുള്ള ആലോചനയുണ്‍ായതെന്നും അതിന് വകുപ്പില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അറ്റോയി പ്രസിഡന്‍റ് ശ്രീ. വിനോദ് സി.എസ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

കോവിഡ് പ്രതിസന്ധി കാലത്ത് ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്‍െങ്കിലും കെടിഎഫ്സിഎസ് പോലൊരു സൊസൈറ്റി തൊഴിലാളികള്‍ക്ക് വലിയ സഹായകരമാകുമെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് ഐ.എ.എസ് പറഞ്ഞു.

കോവിഡ് പഠിപ്പിച്ച പാഠങ്ങളില്‍ നിന്നാണ് സൊസൈറ്റിയുടെ രൂപീകരണമെന്നും ഇത് മേഖലയില്‍ കൂറേക്കൂടി മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുമെന്നും ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ബാലകിരണ്‍ ഐ.എ.എസ് പറഞ്ഞു.

കെ.ടി.എം പ്രസിഡന്‍റ് ബേബി മാത്യു, അറ്റോയി സെക്രട്ടറി ശ്രീ. മനു പി.വി എന്നിവര്‍ സംസാരിച്ചു.