ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കി;ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും

    തിരുവനന്തപുരം:  ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ട്രോളര്‍ നിര്‍മിക്കാന്‍ ഇഎംസിസിയുമായി കെഎസ്ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും.
    ധാരണാപത്രം  നിയമവിരുദ്ധവും സര്‍ക്കാര്‍ നയത്തിന് എതിരുമാണെന്ന് കണ്ടെത്തിയതിനാലാണിത്. കെഎസ്ഐഎന്‍സി എംഡി എന്‍ പ്രശാന്ത്  അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണവും വന്നേക്കും.  മത്സ്യവകുപ്പോ,  പൊതുഭരണ, നിയമ വകുപ്പുകളൊ അറിഞ്ഞല്ല ധാരണാപത്രം ഒപ്പിട്ടത്.  മന്ത്രിമാരും കണ്ടിട്ടില്ല. സംസ്ഥാനത്തിന് എതിരായ  ധാരണാപത്രം തിരസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

    യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക.

    ഇഎംസിസി– കെഎസ്ഐഎൻസി ധാരണാപത്രം അനുസരിച്ച് 400 ട്രോളറുകളും 5 മദർഷിപ്പുകളുമാണു നിർമിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളർ നിർമാണം ഏറ്റെടുത്തതെന്നാണ് കെഎസ്ഐഎൻസിയുടെ നിലപാട്.