ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

    കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ  കെഎസ്‌ഐഎന്‍സി എംഡി എന്‍. പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളര്‍ നിര്‍മിക്കാന്‍ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളര്‍ ഉണ്ടാക്കാന്‍ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു.

    തിണ്ണമിടുക്കുള്ളവര്‍ വെള്ളയിലുണ്ട്. അതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാര്‍ബറുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയില്‍ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    നേരത്തെ ഇഎംസിസിയുടെ വിവരങ്ങൾ അന്വേഷിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തെളിവ് ഇന്ന് പുറത്തുവിട്ടിരുന്നു. സർക്കാർ അറിഞ്ഞല്ല പദ്ധതിയിലെ ധാരണാപത്രമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവും ഒരു ഐഎഎസ് ഉദ്യോഗസ്ഥനും സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് തെളിവ് പുറത്ത് വിട്ടത്.

    ഇഎംസിസിയ്‌ക്ക് വേണ്ടി മത്സ്യനയത്തിൽ തന്നെ മാ‌റ്റം വരുത്തിയെന്നും എന്നാൽ ഈ വിവരം നിയമസഭയിൽ നിന്ന് മറച്ചുവച്ചെന്നും പ്രതിപക്ഷനേതാവ് നേരത്തെ ആരോപിച്ചിരുന്നു. നിക്ഷേപക യോഗമായ അസന്റ് കേരളയിൽ സർക്കാരും ഇഎംസിസിയും ഒപ്പുവച്ച 5000 കോടിയുടെ ആദ്യ ധാരണാപത്രം ഉൾപ്പടെ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.