ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പങ്ക്, ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കസ്റ്റംസ്, സ്പീക്കര്‍ക്കെതിരേയും റിപ്പോര്‍ട്ട്

    കൊച്ചി: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നത്. സ്പീക്കര്‍ക്കെതിരേയും കസ്റ്റംസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

    ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്നാണ് കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു. മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ട്. സ്പീക്കര്‍ക്കെതിരെയും സ്വപ്നയുടെ മൊഴിയുണ്ട്.

    ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദേശപ്രകാരമാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. പല ഉന്നതര്‍ക്കും കമ്മീഷന്‍ കിട്ടി. എല്ലാ ഇടപാടുകളെ കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു.

    ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക സത്യവാങ്മൂലം നടത്തിയിരിക്കുന്നത്.

    അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാല്‍ ഇവര്‍ക്കും കോണ്‍സല്‍ ജനറലിനുമിടയില്‍ മദ്ധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന പറയുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്ന നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കും കസ്റ്റംസ് സത്യവാങ്മൂലം.