ജേക്കബ് തോമസിനെതിരായുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയതായി ആരോപണം

ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറായിരുന്ന കാലത്തെ ക്രമക്കേടുകളെക്കുറിച്ച് ധനകാര്യവകുപ്പിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിയെടുക്കാതെ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കലാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ 150 പേജുള്ള റിപ്പോര്‍ട്ട് ഇപ്പോഴുള്ളത്. 

ധനകാര്യപരിശോധനാ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിന്‍റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടിയില്ല

ജേക്കബ് തോമസിനെ സര്‍ക്കാര്‍ അനാവശ്യമായി സംരക്ഷിക്കുന്നുവെന്ന ഐ.എ.എസുകാരുടെ പരാതിക്ക് ആക്കം കൂട്ടുന്നതാണ് സര്‍ക്കാരിന്റെ ഈ നടപടി.

-വികാസ് രാജഗോപാല്‍-

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെയ്ക്കുന്നതായി ആരോപണം. ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിക്കൊണ്ടുള്ള നിരവധി വിവരാവകാശ അപേക്ഷകള്‍ നിരസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറായിരുന്ന കാലത്തെ ക്രമക്കേടുകളെക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ 150 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിയെടുക്കാതെ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരവാകാശ അപേക്ഷകള്‍ക്ക് കൃത്യമായ മറുപടിയും നല്‍കിയിട്ടില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ് എന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കലാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ 150 പേജുള്ള റിപ്പോര്‍ട്ട് ഇപ്പോഴുള്ളത്.

തുറമുഖവകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് നടത്തിയതാണെന്നും മറ്റൊരു അന്വേഷണത്തിന് ഇനി പ്രസക്തി ഇല്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ജേക്കബ് തോമസ് വിജിലന്‍സില്‍ എ.ഡി.ജി.പി ആയിരുന്ന 2014 കാലത്താണ് തുറമുഖവകുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഡി.വൈ.എസ്.പി അന്വേഷിച്ച് ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയത്. ഈ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ അന്നു തന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നതാണ്.

എന്നാല്‍ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ജേക്കബ് തോമസിനെതിരെ നടപടി വേണമെന്നാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടെന്നറിയുന്നു. ജേക്കബ് തോമസിനെ സര്‍ക്കാര്‍ അനാവശ്യമായി സംരക്ഷിക്കുന്നുവെന്ന ഐ.എ.എസുകാരുടെ പരാതിക്ക് ആക്കം കൂട്ടുന്നതാണ് സര്‍ക്കാരിന്റെ ഈ നടപടി.