വീട് വാടകക്കെടുത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനം, കൊലക്കേസ് പ്രതിയടങ്ങുന്ന ഗുണ്ടാസംഘം അറസ്റ്റില്‍

കോട്ടയം: വീട് വാടകക്കെടുത്ത് മാരകായുധങ്ങളുമായി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന കൊലക്കേസ് പ്രതിയടങ്ങുന്ന ഗുണ്ടാസംഘത്തെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം നഗരമധ്യത്തില്‍ ലോഡ്ജ് മാനേജരെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്‍പ്പൂക്കര കൊപ്രായില്‍ ജെയ്മോന്‍ (അലോട്ടി – 24) അയ്മനം കല്ലുമട കോട്ടമല മിഥുന്‍ തോമസ് (28) തിരുവല്ല മുപ്പാരിയില്‍ ബെര്‍ളി ദാസ് (അമ്പിളി – 30) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ നിന്ന് വടിവാള്‍, ഇടിക്കട്ട, മഴു എന്നിവയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഗുണ്ടാ ആക്ട് പ്രകാരം ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ വാകത്താനം നാലുന്നാക്കല്‍ കടുവാക്കുഴിയിലെ വീട് വളഞ്ഞാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. കൊലപാതകവും വധശ്രമവും മോഷണവും അടക്കം പതിനഞ്ചോളം കേസുകളില്‍ പ്രതിയായ അലോട്ടിയെ ഗുണ്ടാ ലിസ്റ്റില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥി കളക്ടര്‍ സി.എ. ലതയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോട്ടയം വെസ്റ്റ് ഈസ്റ്റ് ഗാന്ധിനഗര്‍, തിരുവല്ല പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, പിടിച്ചുപറി, മോഷണക്കേസുകളില്‍ പ്രതിയാണ് അലോട്ടി. ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അലോട്ടിയെ അറസ്റ്റ് ചെയ്ത് ആറു മാസം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ കളക്ടരക്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അലോട്ടിയും സംഘവും വാകത്താനത്തിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ സി.ഐ. എം.ജെ. അരുണ്‍, ഈസ്റ്റ് എസ്.ഐ. യു. ശ്രീജിത്ത്, ഷാഡോ പോലീസിലെ എ.എസ്.ഐമാരായ അജിത്, ഷിബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വീട് വളയുകയായിരുന്നു. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുണ്ടെന്ന് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എ.ആര്‍. ക്യാന്പില്‍ നിന്നുള്ള പരിശീലനം ലഭിച്ച മുപ്പതോളം പോലീസുകാരും സംഘത്തിലുണ്ടായിരുന്നു.

പോലീസ് സംഘം വീടിനുള്ളില്‍ കടന്നതോടെ പ്രതികള്‍ ആയുധങ്ങളുമായി ഇവരെ ആക്രമിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് പോലീസ് സംഘം തോക്കു ചൂണ്ടി പ്രതികളെ കീഴടക്കുകയായിരുന്നു. കേസിലെ പ്രതിയായ മിഥുന്‍ വധശ്രമം അടക്കം എട്ട് കേസുകളില്‍ പ്രതിയാണ്. കാപ്പ പ്രകാരം ആറ് മാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.