സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീസാനിധ്യം ശക്തമാവുകയാണ്. ഓര്മ ബോസ് എന്ന യുവതി ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മോഡലിംഗില്‍ കരിയര്‍ തുടങ്ങി ആങ്കറായി. പിന്നീട് കോസ്റ്റിയൂം ഡിസൈനറും സഹസംവിധായികയുമായി ഇതിഹാസ അടക്കമുള്ള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. അവസാനം സ്വപ്നം പൂവണിയുന്നു, എസ്. ബിനു എന്ന യുവ സംവിധായകന്റെ സിനിമയില്‍ നായികയാകുന്നു. ഇതിഹാസയ്ക്കും സ്റ്റൈലിനും ശേഷം എസ്.ബിനു ചെയ്യുന്ന ചിത്രമാണ്. പ്രീപ്രൊഡക്ഷന് ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഓര്മ ബോസ് പറഞ്ഞു.
ഇതിഹാസയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചപ്പോള്‍ സ്റ്റൈലില്‍ കോസ്റ്റിയൂം ഡിസൈനറായിരുന്നു. ഫാഷന്‍ ടെക്നോളജി പഠിച്ചിട്ടുണ്ട് താരം. ഇതിഹാസയില്‍ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ ചെറിയ വേഷം ചെയ്യാന്‍ ഒരു കുട്ടിയെ വേണമെന്ന് സംവിധായകന് ആവശ്യപ്പെട്ടു. ഒരാളെ സജസ്റ്റ് ചെയ്തെങ്കിലും ഇഷ്ടമായില്ല. തുടര്‍ന്ന് തന്നോട് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് നിര്‍ദ്ദേശിച്ചെന്ന് താരം പറഞ്ഞു. കാരണം തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സെറ്റിലെല്ലാവര്‍ക്കും അറിയാമായിരുന്നു. ഓരോ മുഖം എന്ന ചിത്രത്തിലാണ് ഓര്മ അവസാനം അഭിനയിച്ചത്. പ്രയാഗാ മാര്‍ട്ടിന്റെ സുഹൃത്തായി.
ജിത്തുജോസഫ്, റോഷന് ആന്‍ഡ്രൂസ് എന്നിവരുടെ സംവിധായ സഹായിയായി ഓര്മ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഡലിംഗിലാണ് കരിയര്‍ തുടങ്ങിയതെങ്കിലും അത് സിനിമാ ജീവിതത്തെ സഹായിച്ചിട്ടില്ലെന്ന് ഓര്മ വ്യക്തമാക്കി. അസിസ്റ്റന്റ് ഡയറക്ടറായത് മുതലാണ് കരിയറില്‍ മാറ്റം വന്നത്. ധാരാളം പേരെ പരിചയപ്പെടാനായി. അങ്ങനെ അവസരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ നായികയുമായി.