കുറ്റ്യാടിയില്‍ സി.പി.എം. അണികളുടെ പ്രതിഷേധ പ്രകടനം

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയമസഭാ മണ്ഡലം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതിനെതിരേ സി.പി.എം. പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി വന്‍ പ്രകടനമാണ് കുന്നുമ്മല്‍ ഏര്യാകമ്മറ്റിക്കു കീഴില്‍നടന്നത്. സി.പി.എം.

പതാകകളേന്തി പാര്‍ട്ടിയെ രക്ഷിക്കാനാണ് പ്രതിഷേധമെന്നുള്ള മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. നടക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്നും പാര്‍ട്ടി സ്നേഹമാണെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തില്‍ തന്നെ വോട്ട് ചെയ്യാനുള്ള ആഗ്രഹം വ്യക്തമാക്കിയാണ് പ്രകടനം. കേന്ദ്ര നേതൃത്വത്തിന് അയച്ച പരാതിയും പരിഗണനക്ക് വരാതിരുന്നതോടെയാണ് ശക്തി പ്രകടിപ്പിച്ചാണ് പ്രകടനം. പ്രാദേശിക വികാരം ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ കമ്മിറ്റിക്ക് പിഴവ് പറ്റിയെന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം.

സി.പി.എം. മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തില്‍ 200 ഓളം പേരാണ് പങ്കെടുത്തത്.