പിറവം സീറ്റ് ജോസ് കെ.മാണി വിറ്റെന്ന് ആരോപണം

    കുറ്റ്യാടിക്ക് പിന്നാലെ പിറവത്തും കേരളാ കോണ്‍ഗ്രസ്സ് ജോസ് കെ.മാണി വിഭാഗത്തിനെതിരെ പ്രതിഷേധം. പിറവം സീറ്റ് ജോസ് കെ.മാണി വിറ്റെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ് പെരിയപുറം ആരോപിച്ചു. ഇവിടെ ജില്‍സ് മത്സരിക്കാനിരുന്നതാണ്.

    ബുധനാഴ്ച കേരളാ കോണ്‍ഗ്രസ്സ് പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്ത് അംഗമായ സിന്ധുമോള്‍ ജേക്കബിനാണ് സീറ്റെന്ന് അറിഞ്ഞതോടെയാണ് ജില്‍സ് പൊട്ടിത്തെറിച്ചത്. സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്‍സ് പാര്‍ട്ടിവിട്ടു. സിന്ധുമോള്‍ സി.പി.എം അംഗമാണെന്നാണ് ജില്‍സിന്റെ ആക്ഷേപം. അതേസമയം രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് സിന്ധുമോള്‍ ജേക്കബ് പ്രതികരിച്ചു.

    മത്സരിക്കാന്‍ രണ്ട് കോടി രൂപ കയ്യിലുണ്ടോ എന്ന് ജോസ് കെ.മാണി ചോദിച്ചെന്ന് ജില്‍സ് പറഞ്ഞു. താനും കൂട്ടുകാരും 80 ലക്ഷം രൂപ സംഘടിപ്പിച്ചെന്നും ജില്‍സ് പറഞ്ഞു. ഇദ്ദേഹം പ്രചരണം ആരംഭിച്ച ശേഷമാണ് സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയത്.

    കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

    കടുത്തുരുത്തി: സ്റ്റീഫന്‍ ജോര്‍ജ്. റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍ സ്ഥാനാര്‍ഥി. പാലായില്‍ ജോസ് കെ.മാണി , ഡോ.എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), അഡ്വ. ജോബ് മൈക്കിള്‍ (ചങ്ങനാശേരി), പ്രഫ. കെ.ഐ.ആന്റണി (തൊടുപുഴ), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ബാബു ജോസഫ് (പെരുമ്പാവൂര്‍), സിന്ധുമോള്‍ ജേക്കബ് (പിറവം), ഡെന്നിസ് കെ.ആന്റണി (ചാലക്കുടി), സജി കുറ്റിയാനിമറ്റം (ഇരിക്കൂര്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.