സജീവ് ജോസഫ് സ്ഥാനാർഥിയാക്കരുത്; ഇരിക്കൂറില്‍ എ ഗ്രൂപ്പുകാരുടെ പ്രതിഷേധം

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം അതിരൂക്ഷമാകുന്നു. ശ്രീകണ്ഠപുരത്ത് എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരത്തിലേക്ക് നീങ്ങുകയാണ്. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാര്‍ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കും.എ ഗ്രൂപ്പിന്റെ കൈയിലുള്ള ഇരിക്കൂര്‍ ഐ ഗ്രൂപ്പിന് വിട്ടുനല്‍കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

കാലങ്ങളായി എ ഗ്രൂപ്പിന്റെ കൈയിലുള്ള ഇരിക്കൂര്‍ സീറ്റില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ തഴഞ്ഞ് സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് സോണി സെബാസ്റ്റ്യന്റെ പേര് അട്ടിമറിച്ചതെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം.

നേരത്തെ സജീവ് ജോസഫിന്റെ പേരിന് മുന്‍തൂക്കം ലഭിച്ചുവെന്ന വിവരം പുറത്തുവന്നതോടെ വ്യാഴാഴ്ച വൈകീട്ട് ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ് ഓഫീസ് എ ഗ്രൂപ്പുകാര്‍ താഴിട്ടുപൂട്ടി കരിങ്കൊടി കുത്തിയിരുന്നു. സജീവിനെതിരെ വ്യാപകമായി പോസ്റ്ററും ഓഫീസിന് മുന്നില്‍ പതിച്ചിരുന്നു. തുടര്‍ന്ന് കെ.സി.ജോസഫ് എം.എല്‍.എ. അടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് വെള്ളിയാഴ്ച ഓഫീസ് തുറന്നത്.