കെ സുധാകരൻ ഉൾപ്പെടെ പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പിസി ചാക്കോ

    ന്യൂഡല്‍ഹി: കെ സുധാകരന് എന്‍സിപിയിലേക്ക് വാതില്‍ തുറന്ന് പിസി ചാക്കോ. കെ സുധാകരനടക്കം പല നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായി പിസി ചാക്കോ വെളിപ്പെടുത്തി. സംസ്ഥാനതലത്തിലുള്ള പല നേതാക്കളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിടുമെന്നും ചാക്കോ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

    തന്നെ ബന്ധപ്പെട്ട നേതാക്കന്മാരില്‍ പലരും അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരും. കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോവുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെപ്പോലെയുള്ള കരുത്തരായ സംസ്ഥാന നേതാക്കളെ നിയന്ത്രിക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കോണ്‍ഗ്രസിന് ഒരു ഹൈക്കമാന്‍ഡ് ഉണ്ടെന്നുപോലും താന്‍ കരുതുന്നില്ലെന്നും പിസി ചാക്കോ വ്യക്തമാക്കി.

    വെള്ളിയാഴ്ച പിണറായി വിജയന്‍ പാലക്കാട് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കേരളം മുഴുവന്‍ പ്രചാരണത്തിനിറങ്ങുമെന്നും ചാക്കോ വ്യക്തമാക്കി.