കോണ്‍ഗ്രസ് മടുത്തെന്ന് പറഞ്ഞിട്ടില്ല, പിസി ചാക്കോ ഇല്ലാത്ത കാര്യം പറയരുത്: കെ സുധാകരന്‍

    കണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞതായി പിസി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പിസി ചാക്കോയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്തെ പോരായ്മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും പിസി ചാക്കോയോട് സംസാരിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് പിസി ചാക്കോ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് എന്നറിയില്ല. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പിസി ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എന്‍സിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

    ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ചാക്കോ കോണ്‍ഗ്രസിനകത്ത് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്തരാണെന്ന് പറഞ്ഞത്. ‘തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് കോണ്‍ഗ്രസിലുണ്ടായത്. കെ സുധാകരന് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് തന്നോട് പറഞ്ഞു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അരഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരും. തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് വീതംവെപ്പില്‍ കെ സുധാകരന്‍ കടുത്ത അസ്വസ്ഥതയിലാണ്. കോണ്‍ഗ്രസിന് ഇപ്പോള്‍ ഹൈക്കമാന്റില്ല. ഹൈക്കമാന്റ് പറഞ്ഞാല്‍ കേള്‍ക്കുന്ന കാലം മാറിയെന്നും പിസി ചാക്കോ പറഞ്ഞു.