പാലാ നഗരസഭയിൽ സിപിഎം – കേരള കോൺഗ്രസ് എം കയ്യാങ്കളി; കൗൺസിലർമാര്‍ക്ക് പരിക്ക്

പാലാ: കൗണ്‍സിലിലെ യോഗത്തില്‍ തനിക്ക് അടി കിട്ടിയ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് പാലാ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം. സ്റ്റാന്റിംഗ് കമ്മിറ്റി ചേര്‍ന്നതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്നം കൗണ്‍സിലിനുളളിലേത് മാത്രമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേരുന്നതിലെ തര്‍ക്കമായിരുന്നു നഗരസഭയില്‍ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്.

സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേര്‍ന്നതിനെ വിമര്‍ശിച്ചു.തുടര്‍ന്ന് കമ്മിറ്റി അദ്ധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പിലും ബിനു പുളിക്കക്കണ്ടവും തമ്മില്‍ തര്‍ക്കമുണ്ടായി. തന്നെ അറിയിക്കാതെ യോഗം ചേര്‍ന്നതിനെയാണ് ബിനു പുളിക്കക്കണ്ടം വിമര്‍ശിച്ചത്. ഇത് പിന്നെ തല്ലില്‍ കലാശിച്ചു. കയ്യാങ്കളിയില്‍ ബൈജുവിനും ബിനുവിനും പരുക്കേറ്റു. മറ്റ് കൗണ്‍സിലര്‍മാര്‍ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്.

യുഡിഎഫ് ഭരണത്തിലായിരുന്ന നഗരസഭാ ഭരണം ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇടതുപക്ഷം ഇത്തവണ പിടിച്ചെടുത്തത്. കേരളകോണ്‍ഗ്രസ് മാണിവിഭാഗത്തിന്റെ സഹായത്തോടെയാണിത്. പാര്‍ട്ടി ചിഹ്നത്തില്‍ പാലായില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ഇന്ന് ഇരു പാര്‍ട്ടികളും പ്രശ്നത്തില്‍ അനുനയ ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണ സമയത്തും കേരളകോണ്‍ഗ്രസ്-സിപിഎം തര്‍ക്കം പാലായില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് ഇന്ന് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.