‘അപരന്‍ മുതല്‍ അച്ചായന്‍സ് വരെ’ ; അംഗപരിമിതിയെ അക്ഷരം കൊണ്ട് മറികടന്ന് നടന്‍ ജയറാമിന്റെ ആരാധിക

കട്ടപ്പന: നടന്‍ ജയറാമിന്റെ സിനിമകളെയും ജീവിതത്തെയും പ്രതിപാദിക്കുന്ന ‘അപരന്‍ മുതല്‍ അച്ചായന്‍സ്  വരെ’ എന്ന പുസ്തകത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് അദ്ദേഹത്തിന്റെ ആരാധികകൂടിയായ ഡയാന.

പരിമിതികള്‍ക്കു നടുവില്‍ നിന്നുള്ള ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയായ ഡയാനയുടെ പോരാട്ടത്തിന്റെ കഥയും ഈ പുസ്തകത്തിന് പറയാനുണ്ട്. ആരാധികയുടെ സ്വപ്നം സാക്ഷാത്കാരമായ പുസ്തകം പ്രകാശനം ചെയ്യാന്‍ 25 ന് ജയറാം കട്ടപ്പനയിലെത്തും. ഇടുക്കിക്കവല മുട്ടത്ത് സാബു-ലിസി ദമ്പതികളുടെ മൂത്ത മകളായ ഡയാന കട്ടപ്പന സെന്റ്. സെബാസ്റ്റ്യന്‍ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. 90 ശതമാനത്തോളം അംഗപരിമിതികളോടെ ജനിച്ച ഡയാന ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ വിധിയെഴുതിയിരുന്നത്. എന്നാല്‍ നിരവധി പേരുടെ പ്രാര്‍ഥനകളുടെയും ചികിത്സകളുടെയും ഫലമായി ഡയാന ജീവിതത്തിലേക്ക് മടങ്ങിയെത്തി. നാലാം ക്ലാസില്‍ പടിക്കുമ്പോള്‍ മുതലാണ് ഡയാന നടന്നു തുടങ്ങിയത്. കുട്ടിക്കാലത്ത് അമ്മയോടൊപ്പം ആദ്യമായി തിയറ്ററിലെത്തി കണ്ട സിനിമയായിരുന്നു ജയറാമിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രം. അന്നു മുതലാണ് ഡയാന ജയറാമിന്റെ കടുത്ത ആരാധികയായി മാറിയത്.

പിന്നീട് ജയറാമിന്റെ എല്ലാ സിനിമകളും കണ്ടുതുടങ്ങി. ഓരോ സിനിമയും പത്തിലധികം പ്രാവശ്യം കണ്ടു. ബിരുദ പഠനം വരെ കൂട്ടുകാരുടെ സഹായത്തോടെയും മറ്റുമാണ് ഡയാന വിദ്യാലയങ്ങളില്‍ എത്തിയിരുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ 70 ശതമാനം മാര്‍ക്കും കരസ്ഥമാക്കി ഈ മിടുക്കി. പ്ലസ്ടുവിനും ഡിഗ്രിക്കും പരീക്ഷയെഴുതാന്‍ അരമണിക്കൂര്‍ കൂടുതല്‍ സമയം ഡയാനയ്ക്ക് ലഭിച്ചിരുന്നു.

അമ്മ ലിസിക്കും അധ്യാപകന്‍ സജി ഫെര്‍ണാണ്ടസിനും അടുത്ത കൂട്ടുകാര്‍ക്കും മാത്രമാണ് ഡയാനയുടെ സംസാര രീതി പെട്ടെന്ന് മനസിലാകൂ. കഴിഞ്ഞ അഞ്ച് മാസക്കാലമായി ജയറാമിനെക്കുറിച്ചുള്ള പുസ്തകത്തിന്റെ രചനയിലാണ് ഡയാന.

ജയറാമിന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങള്‍, വിവാഹ ദിവസം, ഭാര്യയുടെയും മക്കളുടെയും ജന്മദിനങ്ങള്‍, ലഭിച്ച അവാര്‍ഡുകള്‍, അഭിനയിച്ച 204 സിനിമകളെ കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജയറാം ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന സമിതിയംഗമായ ഡയാനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ജയറാമിനെ നേരില്‍ കാണുകയെന്നത്. ജയറാമിന്റെ ജന്മദിനമായ ഡിസംബര്‍ 10 ന് ജയറാം ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കോട്ടയം ഷാഹുലിന്റെ സഹായത്തോടെ വണ്ടിപ്പെരിയാര്‍ ആനക്കുഴിയില്‍ നടന്ന അച്ചായന്‍സ് സിനിമയുടെ ലൊക്കേഷനില്‍ ഡയാന തന്റെ ഇഷ്ടതാരത്തെ കണ്ടുമുട്ടുകയും ചെയ്തു. ഷൂട്ടിങ് ലൊക്കേഷനിലേക്ക് ജയറാമിനെ തിരക്കി കടന്നുചെന്ന ഡയാനക്കായി ചിത്രീകരണം നിര്‍ത്തി ഒരു മണിക്കൂറോളമാണ് ജയറാം ചെലവഴിച്ചത്. ഡയാന നല്‍കിയ സമ്മാനം വാങ്ങിയ ജയറാം ഡയാനക്കൊപ്പമുള്ള ചിത്രങ്ങളും ദൃശ്യവും അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പങ്കുവച്ചു. ആരാധികയുടെ വൈകല്യത്തെക്കുറിച്ചും ചികിത്സയെകുറിച്ചും ചോദിച്ചറിഞ്ഞ താരം പുസ്തക പ്രകാശനത്തിനായി എത്താമെന്നു ഡയാനയ്ക്ക് ഉറപ്പു നല്‍കിയിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വൈകല്യമുള്ളവര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നു മാസത്തെ ക്യാമ്പില്‍ ഡയാന പങ്കെടുത്ത് ഇവിടെ നിന്നു ലഭിച്ച തുക അനാഥ മന്ദിരത്തിനു നല്‍കി മാതൃക കാട്ടിയിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിയായ തോമസാണ് സഹോദരന്‍.