നടന്‍ ഓംപുരി അന്തരിച്ചു

മുംബയ്: മുതിര്‍ന്ന നടന്‍ ഓംപുരി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. ഷൂട്ട് കഴിഞ്ഞ് ഇന്നലെ രാത്രി വൈകിയാണ് താരം എത്തിയത്. രാവിലെ ഡ്രൈവര്‍ വന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 1950 ഒക്ടോബര്‍ 18ന് ഹരിയാനയിലെ അംമ്പാലയിലായിരുന്നു ജനനം. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സ്‌കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ചു. പ്രശസ്ത നടന്‍ നസ്‌റുദ്ദീന്‍ ഷാ സഹപാഠിയാണ്.

1976ല്‍ ഗസ്ഹിരം കോട് വാള്‍ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. അഭിനയത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അര്‍ദ്ധ സത്യം, ജാനേ ഭി ദോ യാരോണ്‍, മിര്‍ച്ചി മസാല തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. സീമാ കപൂര്‍, നന്ദിതാ പുരി എന്നിവര്‍ ഭാര്യമാരായിരുന്നു. ഇഷാന്‍ പുരി മകനാണ്.

സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ദ ഹണ്‍ഡ്ര് ഫുട്ട് ജേര്‍ണി എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. സിറ്റി ഓഫ് ജോയ്, ഗാന്ധി, ദ റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ് എന്നിവയാണ് മറ്റ് ഹോളിവുഡ് ചിത്രങ്ങള്‍.

2004ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ നല്‍കി ആദരിച്ചു. രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. മലയാളത്തില്‍ ആടുപുലിയാട്ടം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ലെനിന്‍ രാജേന്ദ്രന്റെ പുരാവര്‍ത്തനത്തിലും അഭിനിച്ചിട്ടുണ്ട്.