ഷാജിയെ 5 മണിക്കൂര്‍ ചോദ്യം ചെയ്ത് വിജിലന്‍സ്, പണത്തിന്റെ മുഴുവന്‍ രേഖയും ഹാജരാക്കിയില്ല

    കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. രാവിലെ 10 മണിക്കാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. നാലര മണിക്കൂറാണ് ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഷാജിയുടെ വീടുകളില്‍നിന്ന് കണ്ടെടുത്ത പണം, സ്വര്‍ണ്ണം എന്നിവയുടെ ഉറവിടവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്  വിജിലന്‍സ് തേടുന്നത്.

    റെയ്ഡ് കഴിഞ്ഞ ശേഷം വ്യാപകമായ വ്യാജപ്രചാരണങ്ങളാണ് പുറത്തുവന്നതെന്നാണ് കെ എം ഷാജി പറയുന്നത്. സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് ചിലയിടത്ത് വാര്‍ത്തകള്‍ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല.  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമായിരുന്നു വിജിലന്‍സ് കണ്ടെത്തിയത് എന്നാണ് ഷാജി പറയുന്നത്. 47 ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ഷാജി വ്യക്തമാക്കുന്നത്.

    ”ക്യാമ്പ് ഹൗസില്‍ ഒരു ബെഡ് റൂമേയുള്ളൂ, അതില്‍ ഒരു കട്ടിലേയുള്ളൂ, അതിന് താഴെയാണ് പണമുണ്ടായിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നത് എന്നാണ് ചിലരൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചത്. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവര്‍ക്ക് അവിടെയാകും പണം സൂക്ഷിക്കുന്നതെന്ന് തോന്നും. അത് സ്വാഭാവികമാണല്ലോ. ഇലക്ഷന് വേണ്ടി പിരിച്ചെടുത്ത തുക ആയതിനാല്‍ കൗണ്ടര്‍ ഫോയില്‍ ശേഖരിക്കണം. ഇതിന് സാവകാശം വേണം. പണം മറ്റാതിരുന്നത് കൃത്യമായ രേഖ ഉള്ളതിനാലാണ്. ലോകത്തിലെ പല രാജ്യങ്ങളിലെ കറന്‍സി മക്കള്‍ ശേഖരിച്ച് വച്ചതാണ്”, അതില്‍ വിജിലന്‍സിന് സംശയമില്ലെന്ന് ഷാജി പറയുന്നത്.

    വീണ്ടും ചോദ്യം ചെയ്യാന്‍ നിലവില്‍ വിളിപ്പിച്ചിട്ടില്ല. ഒരാഴ്ചയ്ക്കകം രേഖകള്‍ കാണിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അത് ഹാജരാക്കും. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച പണത്തിന്റെ കൃത്യമായ രേഖകളുണ്ടെന്നാണ് കെ എം ഷാജി പറയുന്നത്. ”തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ട്. അത് കൃത്യമായി ഹാജരാക്കും. മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന്റെ മിനിട്‌സ് അടക്കം ഹാജരാക്കിയിട്ടുണ്ട്. ഇതടക്കം പ്രാഥമിക രേഖകള്‍ ഇന്ന് വിജിലന്‍സിന് നല്‍കി. കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കും”, എന്ന് കെ എം ഷാജി.

    കെ എം ഷാജിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് കൊടുത്തത് എം ആര്‍ ഹരീഷാണ്. അഭിഭാഷകനും കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവുമാണ് ഹരീഷ്.