നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ അനുമതി

വായ്പ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ അനുമതി. ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. എന്നാല്‍ നീരവിന് ഇപ്പോഴും ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.
നേരത്തെ, നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകര്യമാണെന്നാണ് കോടതി അറിയിച്ചത്. കോവിഡും ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങളെല്ലാം അന്ന് കോടതി തള്ളിയിരുന്നു.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാര്‍ച്ചിലാണു ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.