ബാത്‌റൂമില്‍ ഉറങ്ങുന്നവര്‍ക്ക് ക്ലോസറ്റ് കട്ടിലായി തോന്നും: കെ.എം ഷാജി

കണ്ണൂര്‍: തന്റെ വീട്ടിലെ ക്ലോസറ്റില്‍ നിന്നടക്കം പണം പിടിച്ചെന്ന സിപിഎം-ഡിവൈഎഫ്‌ഐ ആരോപണത്തിന് മറുപടി പറഞ്ഞ് കെ.എം. ഷാജി.

എന്റെ വീട്ടിലെ ക്യാംപ് ഹൗസില്‍ ഒരു ബെഡ്‌റൂമേയുള്ളൂ. ആ ബെഡ്‌റൂമിനകത്ത് ഒരു കട്ടിലേ ഉള്ളൂ. അതിന്റെ താഴെയായിരുന്നു ആ പണം ഉണ്ടായിരുന്നത്. അതും തറയിലാണ് വച്ചിരുന്നത്. അതല്ലാതെ വേറെ നിലയ്ക്ക് ഒന്നും ആയിരുന്നില്ല. സ്ഥിരമായിട്ട് ബാത്‌റൂമില്‍ കിടന്നുറങ്ങുന്നവര്‍ക്ക് ക്ലോസറ്റ് കട്ടിലായി തോന്നുന്നത് അവരുടെ മാത്രം പ്രശ്‌നമാണ്. വിദേശ കറന്‍സിയും സ്വര്‍ണവുമൊക്കെ കുഴപ്പമല്ല എന്ന് തോന്നിയതുകൊണ്ടാണ് വിജിലന്‍സ് അതു തിരിച്ച് ഏല്‍പ്പിച്ചത്. അത് കറന്‍സി എന്നു പറഞ്ഞ് പേടിപ്പിക്കണ്ട. അത് മക്കള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കറന്‍സി ശേഖരിച്ച് വച്ചതാണ്.

പണം മാറ്റി വെച്ചൂടായിരുന്നോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് ആ പണത്തിന് രേഖകള്‍ ഉള്ളതുകൊണ്ടാണ് അങ്ങനെ. വളരെ മര്യാദയോടുകൂടിയാണ് വിജിലന്‍സ് ചോദ്യം ചെയ്യല്‍ നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമാണ് അത്. 47 ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയാണ് ഉണ്ടായിരുന്നത്. അഴീക്കോട് സര്‍വീസ് സഹകരണ ബാങ്കില്‍ ഇതിന്റെ എല്ലാം കണക്കുകളുണ്ട്. പണം ഇനിയും എനിക്ക് പലര്‍ക്കായി നല്‍കാനുണ്ട്. സഹിക്കുന്നതിന് പരിധിയുണ്ട്. മൂന്ന് വര്‍ഷത്തില്‍ അധികമായി നിരന്തരമായി വേട്ടയാടുകയാണ്.

എല്ലാത്തിന്റെയും മിനിറ്റ്‌സ് ഉണ്ട്. അത് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. എന്നെ ഒരുതരത്തിലും പൂട്ടാനാകില്ല. ആര് ചോദിച്ചാലും ഞാന്‍ മഹസര്‍ അയച്ചു തരാം. എന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് വെറും 30,000 രൂപയാണ്. ക്ലോസറ്റിനടിയില്‍ പണം തിരുകുക എന്നത് അവരുടെ ശീലമാണ്. പൈസ ഉണ്ടാക്കിയത് കുഴപ്പമില്ല അത് നന്നായി സൂക്ഷിക്കണമെന്ന ഉപദേശമാണ് അവര്‍ തരുന്നത്. ചിലതൊക്കെ കാണുമ്പോള്‍ ഞാന്‍ തുറന്ന് പറയും. ഭൂമിയുടെ രേഖ ഒന്നും പിടിച്ചെടുക്കാനായിട്ടില്ല. ടിവി വാങ്ങിയതിന്റെ വാറണ്ടി കാര്‍ഡ് അടക്കം പല രേഖകള്‍ അവര്‍ കൊണ്ടുപോയി. കേരള ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു എംഎല്‍എയുടെ വീട്ടില്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത ദിവസം റെയ്ഡ് നടക്കുന്നത്. അഴീക്കോട് മണ്ഡലത്തില്‍ എന്തുകൊണ്ട് എനിക്കെതിരെ ഒരു പോസ്റ്റര്‍ ഒട്ടിച്ചില്ല..?. ഷാജി ചോദിക്കുന്നു.