‘വാക്‌സീനേഷനു മുന്‍പേ രക്തം ദാനം ചെയ്യണം’; മുഖ്യമന്ത്രി

    തിരുവനന്തപുരംന്മ കോവിഡ് വാക്‌സിനേഷനു മുന്‍പേ രക്തം ദാനം ചെയ്യാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ ഒരു മാസത്തേക്കു രക്തം ദാനം ചെയ്യാന്‍ കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. രക്തദാനത്തിനായി യുവജനസംഘടനകള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    രക്തദാന സന്നദ്ധതയുള്ള നിശ്ചിത പ്രായ വിഭാഗത്തിലുള്ള ഒരാള്‍ വാക്‌സീനെടുത്ത് 28 ദിവസം കഴിയുമ്പോള്‍ അടുത്ത ഡോസ് കൂടിയെടുക്കും. വീണ്ടും 28 ദിവസം കഴിഞ്ഞാല്‍ മാത്രമേ രക്തദാനം സാധ്യമാക്കൂ. ഏകദേശം രണ്ടു മാസത്തോളം ഇയാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഇത് കാര്യമായ പ്രതിസന്ധിയുണ്ടാക്കും. നിലവില്‍ ഒരു ബ്ലഡ് ബാങ്കില്‍ രക്തദാന സന്നദ്ധത അറിയിച്ച് എത്തുന്ന വ്യക്തികളില്‍ ആഴ്ചയില്‍ അഞ്ചു പേരെങ്കിലും വാക്‌സീന്‍ സ്വീകരിച്ചവരോ കോവിഡ് ബാധിച്ച് രോഗം ഭേദമായശേഷം നിശ്ചിത കാലാവധി പൂര്‍ത്തിയായിട്ടില്ലാത്തവരോ ആണെന്നതിനാല്‍ രക്തം സ്വീകരിക്കാതെ മടക്കി അയയ്‌ക്കേണ്ട സാഹചര്യമുണ്ട്.