‘സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും’; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പി സി ജോര്‍ജ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. നമ്മുടെ നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടതില്‍ സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, തിരഞ്ഞെടുപ്പ് കമ്മീഷനും തുല്ല്യപങ്കാണുള്ളതെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് അതിനെ ഉദ്ധരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തിയത്.

ഓരോ ഫോണ്‍ കോളുകളും നെഞ്ചിടിപ്പോടെയാണ് എടുക്കുന്നത്. ഒരു വശത്ത് ജീവനായി കേണുകൊണ്ടുള്ള വിളികളും, മറുവശത്ത് തങ്ങള്‍ക്ക് ലഭിക്കുന്ന പരിമിത സാഹചര്യത്തില്‍ നിന്ന് കൊണ്ട് മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ പോരാളികളാണ് ഉള്ളതെന്നും പിസി ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റി കുറിച്ചു. എല്ലാം സജ്ജമാണെന്ന് സര്‍ക്കാരും, ആരോഗ്യവകുപ്പും, തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ തറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അനുകൂല വിധി നേടി. ജനനന്മയെ കരുതി ഞാന്‍ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി ചര്‍ച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണ്.

മനഃപൂര്‍വ്വം സൃഷ്ടിക്കപെട്ട ഇപ്പോഴുള്ള ഈ കൊറോണ വ്യാപനം ആര്‍ക്കൊക്കെ നേട്ടമുണ്ടാക്കുമെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഈ സാഹചര്യത്തിലേക്ക് പൊതുജനത്തെ തള്ളിവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.