തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ജിം, ബാര്‍ എന്നിവ പൂട്ടും; ആരാധനാലയങ്ങളിലും നിയന്ത്രണം

    തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോ?ഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി.

    വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താന്‍ കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ സാധിക്കുക.

    ആരാധനാലയങ്ങളിലും കര്‍ശനനിയന്ത്രണം. റമദാനില്‍ പള്ളികളില്‍ ആളുകള്‍ കൂടിയേക്കാം. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം വീണ്ടും ചുരുക്കണം. ഇക്കാര്യം ജില്ലാ കളക്ടര്‍മാര്‍ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താന്‍ ടാങ്കിലെ വെള്ളത്തിന് പകരം ടാപ്പ് ഉപയോഗിക്കണം.

    ക്ഷേത്രങ്ങളില്‍ തീര്‍ത്ഥജലവും ഭക്ഷണവും നല്‍കുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. ബാറുകള്‍, ജിമ്മുകള്‍, സിനിമാ തീയറ്റര്‍, ഷോപ്പിംഗ് മാള്‍, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തണ്ടി വരും. എല്ലാ യോഗങ്ങളും ഓണ്‍ലൈനായി മാത്രമേ നടത്താവൂ.

    സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതി. ആരോഗ്യം, റവന്യൂ, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ എന്നിവ എല്ലാ ദിവസവും പ്രവര്‍ത്തിക്കണം. സ്വകാര്യ ഓഫിസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.

    ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. വാരാന്ത്യ ലോക്ക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ ഉണ്ടാകു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ശനിയാഴ്ച അവധിയാകും. സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഹോസ്റ്റലുകളില്‍ കര്‍ശനനിയന്ത്രണം. കൊവിഡ് ചട്ടം പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും പൂര്‍ണമായും അടയ്ക്കും. കൊവിഡ് വ്യാപനത്തോത് അനുസരിച്ച് അടച്ചിടല്‍ കൂടുതല്‍ ദിവസത്തേക്ക് വേണമെങ്കില്‍ തുടരും.

    രാത്രികാല നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. എന്നാല്‍ അവശ്യസേവനങ്ങള്‍, ആശുപത്രികള്‍, മരുന്നുഷാപ്പുകള്‍, മാധ്യമങ്ങള്‍, പാല്‍വിതരണം എന്നിവയ്ക്ക് ഒഴിവ് നല്‍കും. കടകളും ഹോട്ടലുകളും 7.30 വരെയാണ് പ്രവര്‍ത്തിക്കുന്നത്. അത് തുടരും. രാത്രി 9 മണി വരെ റസ്റ്റോറന്റുകള്‍ക്ക് പാര്‍സല്‍ നല്‍കാം. കടകളില്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്തണം. റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ചുരുക്കുന്ന കാര്യം പരിശോധിക്കും.

    വോട്ടെണ്ണല്‍ ദിവസം  ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം. ഇവര്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം.വോട്ടെണ്ണലിന് പിന്നാലെ ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ജനങ്ങള്‍ ഒഴിവാക്കണം.

    അതിഥിത്തൊഴിലാളികള്‍ക്കായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. അതിഥിത്തൊഴിലാളികള്‍ ഇപ്പോഴുള്ള ജില്ലകളില്‍ തുടരട്ടെ. എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായിരിക്കും. ആദിവാസിമേഖലകളില്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ നടപടികളെടുത്തു. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടില്‍ച്ചെന്ന് വാക്‌സീന്‍ നല്‍കുന്ന കാര്യം പരിശോധിക്കും. വയോധികര്‍ക്ക് ഇപ്പോള്‍ത്തന്നെ പ്രത്യേക കൗണ്ടറുണ്ട്. തിരക്കൊഴിവാക്കാനും നടപടികള്‍ എടുത്തിട്ടുണ്ട്.