ഇ.പി. ജയരാജന്‍ ഇനി വനവാസത്തിലേക്കോ ?

ജയരാജന്‍ വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമോ ?

പാര്‍ട്ടി സമവാക്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നു. 

ജയരാജന്‍ രഹസ്യങ്ങള്‍ പുറത്തുവിടുമോയെന്ന് പലരും ഭയപ്പെടുന്നു. 

-വികാസ് രാജഗോപാല്‍-

സി.പി.ഐ-എം കേന്ദ്രകമ്മിറ്റിയോഗം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനെതിരെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തെ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുമോയെന്നാണ് രാഷ്ട്രീയക്കാര്‍ ഉറ്റുനോക്കുന്നത്. വിജിലന്‍സിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം. ഇവിടെ തെളിയുന്ന രാഷ്ട്രീയ ചിത്രം വളരെ വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആരും തന്നെ പാര്‍ട്ടിയ്ക്ക് അതീതരല്ലായെന്ന ഒഴുക്കന്‍മട്ടിലുള്ള പ്രചരണമാണ് പലപ്പോഴും നടത്തുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിട്ട് ഏഴു മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ നേരിട്ട പ്രതിസന്ധികള്‍ വളരെ വലുതാണ്. മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്ന് തന്റെ ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡി.യായി നിയമിച്ചു. പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്റെ സന്തതസഹചാരിയെ പിണറായി കൈവിട്ടു. പിണറായിയുടെ വലംകൈയായിരുന്ന ഇ.പി. ജയരാജനെ രാജിവെപ്പിച്ചപ്പോള്‍ ഇതെന്ത് കൂത്തെന്നോര്‍ത്ത് ഞെട്ടിയത് പാര്‍ട്ടി മാത്രമല്ല പൊതുജനം കൂടിയാണ്. ലാവ്‌ലിന്‍ കേസില്‍ പിണറായി അഴിമതി ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ജയരാജനായിരുന്നു കവലകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടി സെക്രട്ടറിക്കായി ഘോരഘോരം പ്രസംഗിച്ചത്.

അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെ അനന്തസാധ്യതകള്‍ നന്നായി അറിയാവുന്ന ആളാണ് പിണറായി. ഇത് ജനസമക്ഷം നന്നായി ബോധ്യപ്പെടുത്താനായാല്‍ ഭരണതുടര്‍ച്ച ഉണ്ടാക്കാനാകും. അതിന് ഇതില്‍പരം അവസരം വേറെയില്ല. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് ഈ അജണ്ട എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാമെന്ന് തെളിയിക്കുന്നത് കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിലെ വിജിലന്‍സ് നടപടി.

തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാരിന്റെയും തന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കാര്യമായ വികസന പ്രഖ്യാപനങ്ങളോ പ്രവര്‍ത്തനങ്ങളോ നടത്താനാകുന്നില്ല. ആകെ നടക്കുന്നത് നന്നായി ചെയ്യാനറിയാവുന്നത് സമരം മാത്രം അതും കേന്ദ്രസര്‍ക്കാരിനെതിരെ.

തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ പിണറായിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. അടുത്തിടെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിനെ തുടര്‍ന്ന് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത് മേഴ്‌സിക്കുട്ടിയമ്മയാണ്. ഇ.പിയെ വെട്ടി പകരം കൊണ്ടുവന്ന എം.എം. മണിയാണെങ്കിലോ കൊലക്കേസില്‍ പ്രതിയാണെന്ന് കോടതി പറയുകയും ചെയ്തു. പോരാത്തതിന് ഇടയ്്ക്കിടെ കുത്തിനോവിച്ച് വി.എസ്. അച്യുതാനന്ദന്‍ ഈ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തുകളും അയക്കുന്നുണ്ട്. വലിയ വാര്‍ത്താ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ കത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ജേക്കബ് തോമസിനെ ഉപയോഗിച്ചു കൊണ്ടുള്ള അഴിമതി വിരുദ്ധ പോരാട്ട ഇമേജ് ഉണ്ടാക്കാനുള്ള ശ്രമത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം നിസ്സഹകരണത്തിലാണ്. പുതിയ പദ്ധതികള്‍ നടപ്പിലാക്കാനുള്ള കടലാസില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടുന്നില്ല. വിജിലന്‍സിന്റെ പിടി വീഴുമോയെന്ന ഭയം തന്നെയാണ് കാരണം. കൂനിന്മേല്‍ കുരു എന്ന പോലെ വിജിലന്‍സിന്റെ അന്വേഷണങ്ങള്‍ കാര്യക്ഷമമല്ലെന്ന കഴിഞ്ഞദിവസത്തെ കോടതി പരാമര്‍ശവും.

എങ്ങിനെയെങ്കിലും അടുത്ത അഞ്ചു വര്‍ഷം കൂടി ഭരിക്കണമെന്ന പിണറായിയുടെ ആഗ്രഹം ഈ വിധം കാര്യങ്ങള്‍ തുടര്‍ന്നാല്‍ പൂട്ടിക്കെട്ടി തട്ടിന്‍പുറത്ത് വെയ്‌ക്കേണ്ടി വരും. നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ ഒടുക്കം പിണറായി ഇറക്കിയത് പൂഴിക്കടകനാണ്. അതാണ് തലസ്ഥാനത്ത് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനിടെ കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെയും മറ്റൊരു അംഗത്തിന്റെ മകനുമെതിരെ കേസ് ഫയല്‍ ചെയ്യുക.

ഈ നടപടികള്‍ സി.പി.എം രാഷ്ട്രീയത്തിലെ ചേരികള്‍ മാറ്റി മറിക്കും. പിണറായി പക്ഷത്തെ വിശ്വസ്തരായിരുന്ന പി.കെ. ശ്രീമതിയും ഇ.പി. ജയരാജനും ഇപ്പോള്‍ അകന്നാണ് നില്‍ക്കുന്നത്. ഇനി അവര്‍ ഏതു പക്ഷത്തേയ്ക്ക് ചായുമെന്നതനുസരിച്ചാണ് പാര്‍ട്ടി സമവാക്യങ്ങള്‍ മാറിമറയുക. അവസരം നോക്കിയിരിക്കുന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്തു നടപടികള്‍ കൈക്കൊള്ളുമെന്നത് വരും നാളുകളില്‍ കാത്തിരുന്ന് കാണാം.