പ്രസ് ക്ലബ് 2500 പേർക്ക് ഉച്ചഭക്ഷണം നൽകി

തിരുവനന്തപുരം പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വിളമ്പാനും / പായ്ക്ക് ചെയ്യാനും / വിതരണം ചെയ്യാനും LDF കൺവീനർ എ. വിജയരാഘവൻ നേതൃത്വം നൽകുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ സമീപം

തിരു: തിരുവനന്തപുരം പ്രസ് ക്ലബിലെ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഇന്നലെ 2500 പേർക്ക് ഉച്ചഭക്ഷണം നൽകി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് ക്ലബിൽ ഭക്ഷണത്തിനായി എത്തിയത്. നഗരസഭാ കൗൺസിലർമാർ മുഖേന പല വാർഡുകളിലും ക്വാറൻ്റീനിൽ കഴിയുന്നവർക്കും മഴക്കെടുതിയിൽ ദുരിതത്തിലായ കരിമഠം കോളനി നിവാസികൾക്കും ഉച്ചഭക്ഷണം എത്തിച്ചു. കൂടാതെ ശ്രീകണ്ഠേശ്വരം, കോട്ടയ്ക്കകം പഴവങ്ങാടി, തമ്പാനൂർ, ഓവർബ്രിഡ്ജ്, പാളയം. സ്റ്റാപ്യൂ എന്നിവിടങ്ങളിൽ തെരുവോരത്ത് വസിക്കുന്നവർക്കും ഭക്ഷണവും കുപ്പിവെള്ളവും നൽകി.

LDF കൺവീനർ എ. വിജയരാഘവൻ ഇന്നലെ കമ്യൂണിറ്റി കിച്ചൺ സന്ദർശിച്ചു. ഭക്ഷണം പൊതിഞ്ഞും വിതരണം ചെയ്തും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു.

സായിഗ്രാമത്തിൻ്റെ സഹകരണത്തോടെയുള്ള കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഇന്ന് 2750 പേർക്ക് ഭക്ഷണം വിതരണം ചെയ്യും. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ, സായിഗ്രാമം എക്സി. ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.