സഗൗരവം മുഖ്യമന്ത്രി; ചില മന്ത്രിമാര്‍ ദൈവനാമത്തില്‍

    തിരുവനന്തപുരംന്മ ചരിത്രം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്യുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ സത്യവാചകം. ഘടകകക്ഷി മന്ത്രിമാര്‍ക്കുശേഷം ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ.

    സിപിഐ പ്രതിനിധിയും റവന്യൂ മന്ത്രിയുമായ കെ.രാജനു ശേഷം കേരള കോണ്‍ഗ്രസ് പ്രതിനിധിയും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിനും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും വനംമന്ത്രി എ.കെ.ശശീന്ദ്രനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും സത്യപ്രതിജ്ഞ ചെയ്തു. ഘടകകക്ഷി മന്ത്രിമാരില്‍ കെ.രാജനും എ.കെ.ശശീന്ദ്രനും ഒഴികെയുള്ളവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

    എല്‍ഡിഎഫ് സ്വതന്ത്രനും ന്യൂനപക്ഷക്ഷേമ മന്ത്രിയുമായ വി.അബ്ദുറഹിമാന്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി, തദ്ദേശ, എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍, മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കൃഷിമന്ത്രി പി.പ്രസാദ്, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, വ്യവസായ മന്ത്രി പി.രാജീവ്, ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, സഹകരണ മന്ത്രി വി.എന്‍.വാസവന്‍ എന്നിവര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

    വൈകിട്ട് 3.30ന് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 4.49 ന് അവസാനിച്ചു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. സത്യപ്രതിജ്ഞയ്ക്കുശേഷം ഗവര്‍ണറുടെ വസതിയിലെ ചായസല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തു.