രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞു; 50-കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പെടെ 7 പേര്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ 50-കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ബന്ധുക്കളും ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര ബദന്‍പുര്‍ സ്വദേശികളായ രഞ്ജന(36), സഹോദരി മീനാഭായി(40) ബന്ധുവായ രാംപ്രസാദ് ജാദവ്(32), വാടക കൊലയാളി സന്താഷ് പവാര്‍(40) ഇയാളുടെ കൂട്ടാളികളായ ബാപുര്‍ ഗോലാപ്(37), അരുണ്‍ നാഗ്രെ(35), ശ്യാം താംബെ(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രഞ്ജനയുടെ ഭര്‍ത്താവ് അശോക് ജാദവിനെ(50) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

രഞ്ജനയും ബന്ധുവായ രാംപ്രസാദും തമ്മില്‍ രഹസ്യബന്ധം ഉണ്ടായിരുന്നതായും ഇത് ഭര്‍ത്താവ് അറിഞ്ഞതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി രഞ്ജനയും രാംപ്രസാദും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്തിടെയാണ് അശോക് ജാദവ് ഈ ബന്ധമറിഞ്ഞത്. ഇതേച്ചൊല്ലി പിന്നീട് ദമ്പതിമാര്‍ തമ്മില്‍ വഴക്കിടുകയും രഞ്ജനയെ ഉപദ്രവിക്കുകയും ചെയ്തു. ഇതോടെയാണ് രഞ്ജനയും മറ്റുപ്രതികളും ചേര്‍ന്ന് അശോക് ജാദവിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അശോക് ജാദവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യാസഹോദരിയായ മീനാഭായിയാണ് അവസാനമായി അശോകിനെ വിളിച്ചതെന്ന് തെളിഞ്ഞത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

12 വര്‍ഷമായി തുടരുന്ന രഞ്ജനയുടെ രഹസ്യബന്ധം ഒരുമാസം മുമ്പാണ് അശോക് ജാദവ് കണ്ടെത്തിയത്. രഞ്ജനയും കാമുകനായ രാംപ്രസാദും തമ്മിലുള്ള ഫോണ്‍സംഭാഷണം റെക്കോഡ് ചെയ്തത് ഇയാള്‍ക്ക് ലഭിക്കുകയായിരുന്നു. ഇതേച്ചൊല്ലി അശോക് ജാദവ് ഭാര്യയെ മര്‍ദിക്കുന്നത് പതിവായി. രഞ്ജന ഇക്കാര്യം സഹോദരിയെയും കാമുകനെയും അറിയിച്ചു. തുടര്‍ന്നാണ് മൂവരും വാടക കൊലയാളികളുടെ സഹായത്തോടെ അശോക് ജാദവിനെ വകവരുത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച അശോക് ജാദവിനെ ഫോണില്‍ വിളിച്ച ഭാര്യാസഹോദരി മീനാഭായി അശോകിനോട് തന്റെ ഗ്രാമത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിലെത്തിയ അശോകിനെ ഇവര്‍ വശീകരിച്ച് സമീപത്തെ കുന്നിന്‍പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അശോകുമായി ലൈംഗികബന്ധത്തിന് താത്പര്യമുണ്ടെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഇവിടെയെത്തിയപ്പോള്‍ ഒളിച്ചിരുന്ന മറ്റുപ്രതികള്‍ അശോകിനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കൈയും കാലും കെട്ടിയിട്ടശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു.

രണ്ട് ലക്ഷം രൂപയ്ക്കാണ് രഞ്ജനയും രാംപ്രസാദും മീനഭായിയും മറ്റുപ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. രഞ്ജനയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് രണ്ട് ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. അഡ്വാന്‍സായി 17000 രൂപയും നല്‍കി. തുടര്‍ന്നാണ് സന്തോഷ് പവാര്‍ കൊലപാതകത്തിന് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും പോലീസ് പറഞ്ഞു.