നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; അഞ്ച് പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് ധനസഹായം

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം കോലാഹല മേട്ടിലെ രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ അഞ്ച് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനും നിര്‍ദേശം നല്‍കി.

രാജ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും.ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി ആകെ 45 ലക്ഷം രൂപ നല്‍കാനാണ് ജസ്റ്റിസ് നാരായണകുറുപ്പ് കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കസ്റ്റഡി മര്‍ദ്ദനം മൂലമാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം പോലും പൊലീസ് അട്ടിമറിച്ചതായും കമ്മിഷന്‍ നിരീക്ഷിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വച്ചു.

നിയമങ്ങളും കോടതികളും പൊലീസ് നഗ്‌നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019 ജൂണ് 12നാണ് ഹരിതാ ഫിനാന്‍സ് ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് പിടികൂടുന്നത്. എന്നാല്‍ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനെന്ന പേരില്‍ നാല് ദിവസം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ആരോഗ്യസ്ഥിതി വഷളായ രാജ്കുമാര്‍ ജയിലില്‍ വച്ച് മരിച്ചു. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമം. എന്നാല്‍ ബന്ധുക്കള്‍ പൊലീസിനെതിരെ രംഗത്തെത്തിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടത്തു. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ കുറ്റാരോപിതരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ജൂലായ് നാലിന് ജുഡീഷ്യല്‍ കമ്മിഷനെ സമാന്തര അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ചത്.