ചൈനയില്‍ നിന്നും മറ്റൊരു വൈറസ് ബാധ കൂടി, 41കാരന് എച്ച്10എന്‍3 ഇന്‍ഫ്‌ളുഎന്‍സ സ്ഥിരീകരിച്ചു

ബീജിംഗ്: കൊവിഡ് മഹാമാരിയുടെ വ്യാപനം കാരണം ലോകം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു കുറവുമില്ല. ഇപ്പോഴിതാ മറ്റൊരു വൈറസ് ബാധ കൂടി കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍നിന്ന് കണ്ടെത്തിയിരിക്കുന്നു. എച്ച്10എന്‍3 ഇന്‍ഫ്‌ളുവന്‍സ എന്ന പ്രത്യേകതരം പക്ഷിപ്പനിയാണ് ആദ്യമായി മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവില്‍ 41കാരനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി മനുഷ്യന് കണ്ടെത്തുന്നത്. ദേശീയ ആരോഗ്യ കമ്മിഷന്‍ (എന്‍.എച്ച്.സി) ഇക്കാര്യം സ്ഥിരീകരിച്ചു.

പനിയും മറ്റ് അസുഖങ്ങളുമായി ഏപ്രില്‍ 28നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേയ് 28നാണ് പക്ഷിപ്പനിയെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായും വൈകാതെ ആശുപത്രി വിടാനാകുമെന്നുമാണ് വിവരം.

ചൈനയിലെ വളര്‍ത്ത്താറാവുകളില്‍ 2012ലാണ് രോഗം കണ്ടെത്തിയത്. ഇവ എലികളില്‍ അതീവ ഗുരുതരമാകാറുണ്ട്. വാത്തകള്‍, വളര്‍ത്തുനായ്ക്കള്‍ എന്നിവയിലും രോഗാണുക്കള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ആദ്യമാണ്. മനുഷ്യര്‍ക്ക് രോഗം ഗുരുതരമാകാനുളള സാദ്ധ്യത കുറവാണ്. രോഗബാധിതനായ ആളുമായി സമ്പര്‍ക്കം വന്നവരെ നിരീക്ഷിച്ചെങ്കിലും ഇവര്‍ക്ക് രോഗമില്ല. അതിനാല്‍ പടര്‍ന്നുപിടിക്കും എന്ന് ആശങ്ക വേണ്ടെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ പറയുന്നു.

മുന്‍പും പലതരം പക്ഷിപ്പനി വകഭേദങ്ങള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മനുഷ്യരില്‍ കണ്ടെത്തുക വിരളമാണ്. എച്ച്5എന്‍8 എന്ന ഇന്‍ഫ്‌ളുഎന്‍സ എ വൈറസിന്റെ വകഭേദമാണ് പക്ഷിപ്പനി എന്നറിയപ്പെടുന്നത്. ഇത് പക്ഷികളെ വ്യാപകമായി കൊന്നൊടുക്കിയെങ്കിലും മനുഷ്യരില്‍ ബാധിച്ചിരുന്നില്ല. വളര്‍ത്തുപക്ഷികളെയാണ് പ്രധാനമായും രോഗം ബാധിച്ചത്.