ഓക്‌സിജന്‍ ക്ഷാമം,തീപ്പിടിത്തം,വാക്‌സിന്‍:എട്ട് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ ‘പണി തെറിപ്പിച്ച്’ കോവിഡ്

    ഇക്വഡോര്‍: സ്ഥാനമേറ്റ് വെറും മൂന്നാഴ്ചയ്ക്കു ശേഷം ഇക്വഡോറിലെ ആരോഗ്യമന്ത്രി റൊഡോള്‍ഫോ ഫര്‍ഫാന്‍ രാജി സമര്‍പ്പിച്ചു. വാക്സിന്‍ വിതരണ പ്രക്രിയയില്‍ സ്വജനപക്ഷപാതം കാണിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. ആരോപണത്തെ തുടര്‍ന്ന് ഫര്‍ഫാന്‍ അന്വേഷണവും നേരിടുന്നുണ്ട്.

    ഓസ്ട്രിയ:  ഏപ്രില്‍ 13-നാണ് ഓസ്ട്രിയയുടെ ആരോഗ്യമന്ത്രി റുഡോള്‍ഫ് ആന്‍ഷോബര്‍ രാജി സമര്‍പ്പിക്കുന്നത്. രാജ്യത്തെ കോവിഡ് സാഹചര്യം കാരണം ‘അത്യധ്വാനം’ ചെയ്തെന്നും ഓസ്ട്രിയക്ക് മിടുക്കനായ ഒരാളെയാണ് ആരോഗ്യമന്ത്രിയായി ആവശ്യമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. രാജിസമര്‍പ്പിക്കാനുള്ള നിര്‍ദേശമാണ് തന്റെ ഡോക്ടര്‍മാരില്‍നിന്ന് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

    ഇറാഖ്: മേയ് മാസത്തിലാണ് ഇറാഖ് ആരോഗ്യമന്ത്രി ഹസന്‍ അല്‍ തമിമി രാജി സമര്‍പ്പിക്കുന്നത്. കോവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 80-പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹം രാജിസമര്‍പ്പിച്ചത്. ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    അര്‍ജന്റീന: ഇക്കൊല്ലം ഫെബ്രുവരിയിലാണ് അര്‍ജന്റീനയുടെ ആരോഗ്യമന്ത്രി ജൈന്‍സ് ഗോണ്‍സാലസ് ഗാര്‍ഷ്യ രാജി സമര്‍പ്പിച്ചത്. രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണത്തിലുണ്ടായ ക്രമക്കേടുകളാണ് രാജിയിലേക്ക് നയിച്ചത്.

    ജോര്‍ദാന്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ആറുപേര്‍ മരിച്ചതിനു പിന്നാലെയാണ് ജോര്‍ദാന്റെ ആരോഗ്യമന്ത്രി നസീര്‍ ഒബീദത് മാര്‍ച്ചില്‍ രാജി സമര്‍പ്പിച്ചത്. നസീറിനോട് രാജി സമര്‍പ്പിക്കാന്‍ ജോര്‍ദാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഓക്സിജന്‍ ക്ഷാമം ഉണ്ടായ സംഭവത്തില്‍ തനിക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് നസീര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

    പെറു: ഫെബ്രുവരിയിലാണ് പെറുവിന്റെ ആരോഗ്യമന്ത്രി ഡോ. പിലാര്‍ മസെത്തി രാജി സമര്‍പ്പിച്ചത്. പൊതുജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കി തുടങ്ങുന്നതിന് മുന്‍പ് പെറുവിന്റെ മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാരയ്ക്ക് വാക്സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദമാണ് രാജിയിലേക്ക് നയിച്ചത്.

    സ്ലോവാക്യ:  ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സ്ലോവാക്യയുടെ ആരോഗ്യമന്ത്രി മാരേക് ക്രാജി രാജി സമര്‍പ്പിച്ചത്. സഖ്യസര്‍ക്കാരാണ് സ്ലോവാക്യ ഭരിക്കുന്നത്. മാരേക്കിന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പരാജയമാണെന്നും സ്ഥാനം ഒഴിയണമെന്നും സഖ്യസര്‍ക്കാരിലെ മറ്റുകക്ഷികള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ആയിരുന്നു രാജി. റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിന്‍ സ്പുട്നികുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും രാജിക്ക് വഴിവെച്ചു.

    മംഗോളിയ: 2021 ജനുവരിയിലാണ് മംഗോളിയയുടെ പ്രധാനമന്ത്രി ഖുറേല്‍സുഖ് ഉഖ്നായും മുഴുവന്‍ കാബിനറ്റ് അംഗങ്ങളും രാജി സമര്‍പ്പിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഒരമ്മയും നവജാതശിശുവും മരിച്ചത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്നാണ് എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്.

    2020-ലും ന്യൂസീലന്‍ഡ്, ബ്രസീല്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജിസമര്‍പ്പിച്ചിരുന്നു.